മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ ഹാട്രിക്കുമായി കളംനിറഞ്ഞ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് വന്‍ ജയം. എസ്പാന്യോളിനെ മടക്കമില്ലാത്ത ആറു ഗോളിന് തുരത്തി മുന്‍നിരക്കാരുമായുള്ള അകലം കുറച്ചു റയല്‍. 21 മത്സരത്തില്‍ 51 പോയിന്റുമായി ബാഴ്‌സലോണ ഒന്നാമത്. 22 കളികളില്‍ 48 പോയിന്റോടെ അത്‌ലറ്റികോ രണ്ടാമത്, 47 പോയിന്റുമായി റയല്‍ തൊട്ടുപിന്നാലെ.
ഏഴാം മിനിറ്റില്‍ കരീം ബെന്‍സമയിലൂടെ മുന്നിലെത്തിയ റയലിനായി 12, 45, 82 മിനിറ്റുകളില്‍ ക്രിസ്റ്റ്യാനോ ലക്ഷ്യം കണ്ടു. ഒരു ഗോള്‍ ജയിംസ് റോഡ്രിഗസിന്റെ ബൂട്ടില്‍നിന്ന് പിറന്നപ്പോള്‍, അവസാന ഗോള്‍ ഡ്യുറാറ്റെയുടെ സെല്‍ഫ് ഗോള്‍. സിനദിന്‍ സിദാന്‍ ചുമതലയേറ്റ ശേഷം റയല്‍ നേടുന്ന മൂന്നാമത്തെ വന്‍ ജയമാണിത്. ലീഗിലെ മുന്‍പന്മാരുടെ പോരാട്ടത്തില്‍ കഴിഞ്ഞ ദിവസം ബാഴ്‌സലോണ 2-1ന് അത്‌ലറ്റികോ മാഡ്രിഡിനെ കീഴടക്കി.
നാട്ടങ്കത്തില്‍ എസി മിലാന്‍
മിലാന്‍: ഇറ്റാലിയന്‍ ഫുട്‌ബോളില്‍ മിലാന്‍ ടീമുകളുടെ നാട്ടങ്കത്തില്‍ ഇന്ററിനെതിരെ എസി മിലാന് തകര്‍പ്പന്‍ ജയം. മടക്കമില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മിലാന്‍ ജയിച്ചു കയറിയത്. അലക്‌സ് (35), കാര്‍ലോസ് ബക്ക (73), മബയെ നിയാങ് (77) എന്നിവര്‍ സ്‌കോറര്‍മാര്‍.
തോല്‍ക്കാതെ പിഎസ്ജി
പാരീസ്: ഫ്രഞ്ച് ഫുട്‌ബോള്‍ ലീഗില്‍ 20ാം ജയത്തോടെ പിഎസ്ജി കിരീടത്തിലേക്ക് മുന്നേറുന്നു. ഇരുപത്തിമൂന്നാം റൗണ്ടില്‍ സെന്റ് എറ്റെയ്‌നെ മടക്കമില്ലാത്ത രണ്ടു ഗോളിന് കീഴടക്കി നിലവിലെ ജേതാക്കള്‍. സ്ലാട്ടണ്‍ ഇബ്രാഹിമോവിച്ചിന്റെ ഇരട്ട ഗോളുകള്‍ ജയം അനായാസമാക്കി. 61, ഇഞ്ചുറി ടൈമുകളില്‍ ഇബ്ര ലക്ഷ്യം കണ്ടു. പിഎസ്ജിക്ക് 63 പോയിന്റായി. രണ്ടാമതുള്ള മോണാക്കോയക്ക് 39 പോയിന്റ്.
















