തൊടുപുഴ: തൊണ്ടിക്കുഴ എംവിഐപി കനാല്‍ അക്വഡേറ്റിന് സമീപത്ത് കഞ്ചാവ് വലിച്ച 7 കുട്ടികള്‍ കുടുങ്ങി. 12 വയസ്സില്‍ താഴെയുള്ള കുട്ടികളാണ് എക്‌സൈസിന്റെ വലയിലായത്. ചെറിയ അളവിലുള്ള കഞ്ചാവും ഇവരില്‍ നിന്നും കണ്ടെടുത്തു. പ്രദേശത്ത് കഞ്ചാവിന്റെ ഉപയോഗം വ്യാപകമാകുന്നതായി മുമ്പ് നിരവധി പരാതിയുണ്ടായിരുന്നു. ഇതെത്തുടര്‍ന്നാണ് എക്‌സൈസ് സംഘം പരിശോധന ശക്തമാക്കിയത്.
ഇന്നലെ ഉച്ചയോടെ പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ എക്‌സൈസിനെക്കണ്ട് കുട്ടികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലാകുന്നത്. ആളൊഴിഞ്ഞ സ്ഥലത്ത് രാപകല്‍ വ്യത്യാസമില്ലാതെ നിരവധി അപരിചിതര്‍ എത്തുന്നതായി നാട്ടുകാര്‍ പരാതി പറയുന്നു. മുമ്പ് മേല്‍പ്പാലം വഴി വാഹനങ്ങള്‍ കടത്തിവിട്ടിരുന്നെങ്കിലും സ്ഥലത്തെ ഡിവൈഎഫ്‌ഐ നേതാക്കളാണ് പാലം കട്ടവെച്ച് കെട്ടിയടച്ചത്. അന്ന് തന്നെ ബിജെപിയുവമോര്‍ച്ച പ്രവര്‍ത്തകര്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് വഴി കെട്ടിയടച്ചതെന്നും, വഴി എത്രയും വേഗം തുറന്ന് കൊടുക്കണമെന്നും ആവിശ്യപ്പെട്ട് സ്ഥലത്ത് പ്രതിഷേധം നടത്തിയിരുന്നു. ഇതാണ് ഇവിടം കേന്ദ്രീകരിച്ച് ഇപ്പോള്‍ പ്രശ്‌നം ഇത്രയും വഷളാകാന്‍ കാരണമായതെന്ന് ബി ജെ പി ആരോപിക്കുന്നു. സ്ഥലത്ത് ആളൊഴിഞ്ഞ എല്ലായിടങ്ങളിലും ഇത്തരത്തില്‍ കഞ്ചാവ് മാഫിയ പിടിമുറിക്കായിട്ടുണ്ട്. പ്രദേശത്തെ തന്നെ ചിലരാണ് ഇവിടെ കഞ്ചാവ് എത്തിച്ച് നല്‍കുന്നതെന്നും വിവരമുണ്ട്. കുട്ടികള്‍ എന്ന പരിഗണന നല്‍കി എക്‌സൈസ് സംഘം കേസെടുക്കാതെ മാതാപിതാക്കളെ വിളിച്ച് വരുത്തി കുട്ടികളെ താക്കീത് ചെയത് വിട്ടയച്ചു. നൂറിക്കണക്കിന് പേരാണ് പ്രദേശത്ത് തടിച്ച് കൂടിയത്.
















