
തൊടുപുഴ: എംവിഐപി കനാലിലൂടെ വെള്ളം ഒഴുകുന്നതിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് ബണ്ട് നിരവധി ഇടങ്ങളിലാണ് തകര്‍ന്നിരിക്കുന്നത്. തകര്‍ച്ച കൂടുതല്‍ ഇടതുകര കനാലിനാണ്. 38.10 കി.മീ ഒഴുകുന്ന ഈ കനാലിന്റെ വശങ്ങളിലെ ബണ്ടിന്റെ തകര്‍ച്ചയ്‌ക്ക് പ്രധാന കാരണം കുളി കടവുകളാണ്. ആദ്യം കാലു ചവിട്ടാന്‍ പാകത്തിന് കടവ് നിര്‍മ്മിക്കുകയും കാലാന്തരത്തില്‍ വെള്ളം ഒഴുകുന്നതോടെ കുതിര്‍ന്ന് ഇടിഞ്ഞ് വലിയ കുഴി പോലെ ആവുകയാണ് ചെയ്യുന്നത്. ഇങ്ങനെ തകരുന്ന ഇടത്ത് വെള്ളത്തിന്റെ മര്‍ദ്ദം മൂലം ചോര്‍ച്ചയും ഉണ്ടാകുന്നുണ്ട്. തൊണ്ടിക്കുഴ അക്വഡേറ്റിന് സമീപം പുതിയ റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണെടുത്ത സ്ഥലത്ത് ഇത്തരത്തില്‍ ശക്തമായി വെള്ളം ചോരുന്നുണ്ട്. സമീപത്തായി മണ്ണെടുത്ത് നിര്‍മ്മിച്ച വീടിന്റെ സ്റ്റെപ്പിലൂടെയും വെള്ളം ഒഴുകുന്നുണ്ട്. ഇങ്ങനെ നിരവധി ഇടങ്ങളിലാണ് സമാനമായി വെള്ളം ഒഴുകുന്നത്. ഇരുവശങ്ങളും തകരുമ്പോഴും ഇത് തടയാന്‍ അധികാരികള്‍ മുന്നറിയിപ്പ് ബോര്‍ഡ് പോലും സ്ഥാപിക്കാന്‍ തയ്യാറാകുന്നില്ല. വീതി കുറഞ്ഞ കനാല്‍ റോഡിലൂടെ ഭാരവാഹനങ്ങളുടെ ഓട്ടം കര്‍ശ്ശനമായി നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍ ഇത് സംബന്ധിച്ച് ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത് 3 ഇടങ്ങളില്‍ മാത്രമാണ്. പ്രത്യേക രീതിയില്‍ ഇരുവശങ്ങളും കെട്ടിയെടുത്താണ് കനാലിന്റെ ഇരുവശങ്ങളിലും റോഡ് നിര്‍മ്മിച്ചിരിക്കുന്നത്. ഇങ്ങനെ നിര്‍മ്മിച്ചിരിക്കുന്ന റോഡിലൂടെ ഭാരവാഹനങ്ങള്‍ ഓടുമ്പോള്‍ മണ്ണ് ഇരുന്ന് കനാല്‍ ബണ്ട് തകരാന്‍ കാരണമാകുന്നുമുണ്ട്. ഒന്നര വര്‍ഷം മുന്‍പ് കനാലിന്റെ ഇടതു വശത്തുകൂടി പോകുന്ന റോഡ് ടാര്‍ ചെയ്തപ്പോള്‍ ഇത്തരം വണ്ടികള്‍ കടന്ന് പോകാതിരിക്കാന്‍ പൈപ്പ് കൊണ്ടുള്ള ക്രോസ് ഡിവൈഡറുകള്‍ സ്ഥാപിച്ചിരുന്നു. ഒരാഴ്ച തികയുന്നതിന് മുന്‍പ് ഇവയെല്ലാം ജെ സി ബി പോലുള്ള വണ്ടികള്‍ ഉപയോഗിച്ച് സാമൂഹ്യ വിരുദ്ധര്‍ തകര്‍ക്കുകയായിരുന്നു. റോഡ് തകര്‍ന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് പെരുമ്പള്ളിച്ചിറയില്‍ നശിപ്പിച്ച ഡിവൈഡര്‍ അടുത്ത കാലത്ത് പുന:സ്ഥാപിച്ചു. തകര്‍ന്ന റോഡ് താല്‍ക്കാലികമായി പ്രദേശവാസികള്‍ മണ്ണിട്ട് നികത്തുകയും ചെയ്തു. ഇരു കനാലുകള്‍ക്കും ഇടത്‌വലത് വശങ്ങളിലൂടെ റോഡുണ്ടെങ്കിലും ടാര്‍ ചെയ്ത റോഡുള്ളത് അധികവും ഇടത് വശത്ത് മാത്രമാണ്. ഇടതുകര കനാലിന് നിരവധി ഇടങ്ങളില്‍ ഇത്തരത്തില്‍ വലതു ഭാഗത്ത് റോഡു പോലുമില്ല എന്നതാണ് വാസ്തവം. ഉള്ള റോഡുകളാകട്ടെ പേരിനും. ഈ വഴികളിലൂടെ സഞ്ചരിക്കണമെങ്കില്‍ സര്‍ക്കസ് പടിക്കേണ്ട അവസ്ഥയും. ആയിരക്കണക്കിന് കുടുംബക്കാരുടെ പ്രധാന സഞ്ചാരപാതയായ കനാലിന്റെ ഇടതുവശത്തെ റോഡുകളും തകര്‍ച്ചയുടെ വക്കിലാണ്. വളരെ കുറച്ച് ഭാഗങ്ങളൊഴിച്ചാല്‍ ഇടതുകരയിലൂടെ ഉള്ള യാത്രയും സാഹസികമാണ്. ഇടവെട്ടി, തൊണ്ടിക്കുഴ, മുതക്കോടം, പെരുമ്പള്ളിച്ചിറ, കുമാരമംഗലം, നാഗപ്പുഴ തുടങ്ങി എല്ലായിടങ്ങളിലേയും ഈ റോഡും തകര്‍ന്ന് കിടക്കുകയാണ്. കുമാരമംഗലത്ത് ഇത്തരത്തില്‍ സോളിംങ് മാത്രമുള്ള റോഡ് യാത്രക്കാരുടെ നടുവൊടിക്കുകയാണ്. ദിനവും നൂറുക്കണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന തൊണ്ടിക്കുഴ കനാല്‍ റോഡിന്റെ 400 മീറ്റര്‍ ഭാഗം പത്ത് വര്‍ഷത്തിനിടെ ടാര്‍ ചെയ്തിട്ടില്ല. വാഹനപ്പെരുപ്പം കൂടിയതോടെ താല്‍ക്കാലികമായി പാറമക്ക് ഇറക്കി കുഴിമൂടിയിരിക്കുകയാണ്.ഫണ്ട് ഇല്ലാത്തതിനാലാണ് റീ ടാറിങ് വേളയില്‍ ഇത്രയും ദൂരം ഒഴിച്ചിട്ടതെന്നാണ് വിശദീകരണം. ഹബ് പാടില്ലാത്ത കനാല്‍ റോഡില്‍ ഇതിന് സമീപത്ത് തന്നെ ഹബ് നിര്‍മ്മിക്കുകയും ചെയ്തു.
















