മുംബൈ: മുംബൈയിലെ ജുഹു ബീച്ചില്‍ തിമിംഗലം കരയ്‌ക്കടിഞ്ഞു. നാലു ടണ്‍ ഭാരമുള്ള ബ്രയിഡ്‌സ് ഇനത്തില്‍പ്പെട്ട തിമിംഗലം രാത്രി പത്തുമണിയൊടെയാണ് തീരത്തടിഞ്ഞത്. രണ്ട് മൂന്നു ദിവസം മുമ്പ് ചത്തതായിരിക്കാം തിമിംഗലം എന്ന് അധികൃതര്‍ പറയുന്നു.പോലീസും വനവകുപ്പ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.
രണ്ടു ദിവസം മുന്‍പ് കടലില്‍ വച്ചു ചത്ത തിമിംഗലം തിരമാലയില്‍പെട്ട് തീരത്തിടിയുകയായിരുന്നു. മൃതദേഹത്തിന്റെ ചില ഭാഗങ്ങള്‍ അഴുകിയിട്ടുണ്ട്. ഇത്രയും ഭാരമുള്ള തമിംഗലത്തെ സംസ്‌കരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്‍. വാസുദേവന്‍ പറഞ്ഞു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ ക്രയിനുകള്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്.
തിമിംഗലത്തെ സംസ്‌കരിക്കാനുള്ള സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതു കൈകാര്യം ചെയ്യാനുള്ള വിദഗ്ധരുടെ അഭാവവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അവയവങ്ങള്‍ സൂക്ഷിച്ചുവയ്‌ക്കുന്നതിനായി മൃതദേഹം കീറിമുറിക്കാനും കഴിയാത്ത അവസ്ഥയാണെന്ന് വാസുദേവന്‍ പറഞ്ഞു.
തിമിംഗലത്തിന്റെ ശരീരത്തിന് പുറത്ത് മറ്റ് പരിക്കുകള്‍ ഒന്നും ഇല്ലെന്നും ലിമയ പറഞ്ഞു. കഴിഞ്ഞ വര്‍ഷം അലിബാഗില്‍ കരയ്‌ക്കടിഞ്ഞ നീല തിമിംഗലത്തിന് ശേഷം മഹാരാഷ്‌ട്ര തീരത്തടിഞ്ഞ ഏറ്റവും വലിയ തിമിംഗലമാണിത്. കരയ്‌ക്കടിഞ്ഞ തിമിംഗലത്തെ കാണാന്‍ തീരത്ത് വന്‍ ജനക്കൂട്ടം തന്നെ രൂപപ്പെട്ടിടുണ്ട്.
വെള്ളത്തിനടിയിലെ ശബ്ദമലിനീകരണം, വ്യവസായങ്ങളില്‍ നിന്നുള്ള മലിനീകരണം, പ്ലാസ്റ്റിക്കുകള്‍ തിന്നുക, അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള അസുഖങ്ങള്‍ എന്നിവയാകാം തിമിംഗലം ചാകാന്‍ ഇടയാക്കിയതെന്ന് ഇന്ത്യയിലെ വിദഗ്ദനായ അനിമേഷ് ലിമയ പറയുന്നു.
















