ഹരിദ്വാര്‍: ദേവഭൂമിയിലെ വ്യാസാശ്രമത്തില്‍ നടക്കുന്ന സദ്ഗുരു സുധീന്ദ്ര തീര്‍ത്ഥ സ്വാമി ശ്രീപാദാനാം ആരാധന മഹോത്സവത്തിന് ഭക്തജനസഹസ്ര സാന്നിധ്യം. രാജ്യത്തെ വിവിധ ദേശങ്ങളില്‍ നിന്നുള്ള ആരാധകവൃന്ദങ്ങളെത്തിയ ഹരിദ്വാര്‍ വ്യാസാശ്രമം ഉത്സവഛായയിലാണ്. പരമഗുരുസുധീന്ദ്ര തീര്‍ത്ഥ സ്വാമി സ്മൃതിയുമായി നടക്കുന്ന ആരാധന ഉത്സവത്തില്‍ സാന്നിധ്യമേകി ഗുരു വന്ദനത്തിനെത്തിയവര്‍ വ്യാസാശ്രമാങ്കണത്തിലെ ചടങ്ങുകളെ അവിസ്മരണീയമാക്കി.
കാശിമഠം ഗുരു പരമ്പരയിലെ 20മത് മഠാധിപതിയായിരുന്ന സുധീന്ദ്ര തീര്‍ത്ഥ സ്വാമികള്‍ ഫെബ്രുവരി 17ന് പുലര്‍ച്ചെയാണ് ഹരിദ്വാറില്‍ സമാധിയായത്. വ്യാസാശ്രമത്തിലെ ക്ഷേത്രത്തിന് വലത് വശത്ത് സമാധിയിരുത്തിയ സുധീന്ദ്ര തീര്‍ത്ഥ സ്വാമികളുടെ വൃന്ദാവനത്തില്‍ നടക്കുന്ന 11, 12, 13 ദിനങ്ങളിലെ ആരാധന ചടങ്ങുകളാണ് ശ്രീപാദാനാം ആരാധന ഉത്സവമായി നടക്കുന്നത്.
ശിഷ്യന്‍ സംയമീന്ദ്ര തീര്‍ത്ഥ സ്വാമിയുടെ സാന്നിധ്യത്തിലും മാര്‍ഗ്ഗദര്‍ശനത്തിലുമാണ് ആരാധന ചടങ്ങുകള്‍ നടക്കുന്നത്. 26 ന് ഗുരു വന്ദന പ്രാര്‍ത്ഥനയുമായി തുടങ്ങിയ ശ്രീപാദാനാം ആരാധന ഉത്സവം 28ന് സുധീന്ദ്ര തീര്‍ത്ഥ സ്വാമി സമാധിയില്‍ നടക്കുന്ന വിശേഷാല്‍ പൂജകള്‍ക്ക് ശേഷം ഭക്തജന പട്ടു കാണിക്ക പ്രസാദ വിതരണത്തോടെ സമാപിക്കും.
തുടര്‍ന്ന് വൈകിട്ട് ഉത്തരാധികാരി സംയമീന്ദ്രതീര്‍ത്ഥ സ്വാമികളുടെ 21ാമത് കാശി മഠാധാധിപതി സ്ഥാനാരോഹണ ചടങ്ങുകളോടെ ആരാധന ഉത്സവം സമാപിക്കും.















