കണ്ണൂര്‍: കാലാവധി കഴിഞ്ഞ പാല്‍ ഫ്രീസറില്‍ സൂക്ഷിച്ചാലും രാസമാറ്റങ്ങള്‍ക്ക് വിധേയമാകുന്നതിനാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഉപഭോക്തൃ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ അഭിപ്രായമുയര്‍ന്നു. മാസങ്ങളോളം പഴക്കമുളള പാല്‍ ഫ്രീസറുകളില്‍ സൂക്ഷിച്ച് ചില കൂള്‍ ബാറുകളില്‍ ഉപയോഗിക്കുന്നത് പരിശോധനകളില്‍ കണ്ടെത്തിയതായി ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പുകളുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഏകദിന ശില്പശാലയില്‍ കൂത്തുപറമ്പ് സര്‍ക്കിള്‍ ഫുഡ് സേഫ്റ്റി ഓഫീസര്‍ ടി അജിത് കുമാര്‍ പറഞ്ഞു.
ഫ്രീസറില്‍ സൂക്ഷിച്ച പാലാണ് ഷെയ്‌ക്ക് പോലുള്ള വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്. മാര്‍ക്കറ്റില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ കാലാവധി പാക്കറ്റിന്റെ പുറത്ത് നിര്‍ബന്ധമായും കാണിച്ചിരിക്കണമെന്ന് ഭക്ഷ്യസുരക്ഷാനിയമം പറയുന്നു. ഉപഭോക്താക്കളും ഇതിനെക്കുറിച്ച് അറിവുള്ളവരായിരിക്കണം. ഏഴുദിവസത്തില്‍ താഴെ കാലാവധിയുള്ള സാധനങ്ങളുടെ പുറത്ത് യൂസ് ബൈ ഡേറ്റ് എന്നും മൂന്നുമാസത്തില്‍ താഴെ കാലാവധിയുള്ള വസ്തുക്കളില്‍ എക്‌സ്പയറിയുടെ തീയതിയും മാസവും വര്‍ഷവും രേഖപ്പെടുത്തിയിരിക്കണം. കാലാവധി ആറ് മാസത്തില്‍ കൂടുതലാണെങ്കില്‍ എക്‌സ്പയറിയുടെ മാസവും വര്‍ഷവും മാത്രം രേഖപ്പെടുത്തിയാല്‍ മതിയാകും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ഉപഭോക്തൃ ബോധവല്‍ക്കരണ ശില്പശാല മേയര്‍ ഇ.പി.ലത ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ അധ്യക്ഷത വഹിച്ചു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങളും ഉപഭോക്താവിന്റെ കടമകളും അവകാശങ്ങളും എന്ന വിഷയത്തില്‍ അഡ്വ.സി.നിഖില്‍ വിഷയാവതരണം നടത്തി.
ഉപഭോക്തൃദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറം അംഗം അഡ്വ. സോന ജയരാജ് നിര്‍വഹിച്ചു. ലീഗല്‍ മെട്രോളജി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ടി.ജെ.ജോഷി, വിവിധ ഉപഭോക്തൃ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ.റഷീദ് കവ്വായി, സൗമ്യ ഇസബെല്‍, അഡ്വ.പി.എന്‍.നമ്പ്യാര്‍, പവിത്രന്‍ നെട്ടൂര്‍, ചന്ദ്രന്‍ മുണ്ടക്കാട് എന്നിവര്‍ സംസാരിച്ചു. ജില്ലാ സപ്ലൈ ഓഫീസര്‍ കെ.റസിയ സ്വാഗതവും സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ കെ ഗീത നന്ദിയും പറഞ്ഞു.
















