സ്വന്തം ലേഖകന്‍
കൊല്ലം: ”…..ടെററിസ്റ്റിന്റെ വേഷമാണ് കാത്തിരിക്കുന്ന സ്വപ്‌നറോള്‍. ഊര്‍മിളയും കര്‍ണനുമാണ് ഇഷ്ട കഥാപാത്രങ്ങള്‍. കണ്ണീരോടെയുള്ള കാത്തിരിപ്പാണ് ഊര്‍മിളയെ പ്രിയങ്കരിയാക്കുന്നത്””
2013 മെയ് എട്ടിന് കൊല്ലം പ്രസ് ക്ലബ് ഹാളില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള മുഖാമുഖത്തില്‍ നിറഞ്ഞ ചിരിയോടെ കല്‍പ്പന പറഞ്ഞ വാക്കുകളാണിത്. അവസാനമായി കൊല്ലത്ത് ഒരു പൊതുപരിപാടിക്ക് എത്തിയത് അന്നായിരുന്നു. ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റിയുടെ ജീവകാരുണ്യരംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പുരസ്‌കാരം കൊല്ലം കേന്ദ്രമാക്കിയുള്ള പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ ട്രസ്റ്റിന് സമ്മാനിക്കുന്ന ചടങ്ങായിരുന്നു അത്. അവയവദാനം നല്‍കിയവരെ ആദരിക്കുന്ന സമ്മേളനവും ഇതിനോടൊപ്പമുണ്ടായിരുന്നു.
കൃത്യമായ നിലപാടുകള്‍ എല്ലാ കാര്യത്തിലും വ്യക്തമാക്കുന്ന പ്രകൃതം കല്‍പ്പനയുടെ പ്രത്യേകതയായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യം പോലും അവരെ അലോസരപ്പെടുത്തിയില്ലെന്ന് മാത്രമല്ല എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരവും നല്‍കി.
അശ്ലീലം പറയുന്ന ന്യൂജനറേഷന്‍ സിനിമകളുടെ പ്രവണതകള്‍ മുളയിലെ നുള്ളിക്കളയണമെന്നും ജഗതിയെ പോലൊരു നടന് മലയാളം എന്താണ് നല്‍കിയതെന്ന് ചിന്തിക്കണമെന്നും കല്‍പ്പന തുറന്നടിച്ചു. ലോകസിനിമയില്‍ കൊമേഡിയന്മാര്‍ ഓസ്‌കാര്‍ വരെ നേടുന്നു. ചാര്‍ളി ചാപ്ലിന്‍ ലോകത്തിന്റെ വിസ്മയമാണ്. കോമഡി ചെയ്യുന്നതാണ് ഏറ്റവും പ്രയാസമെന്നൊക്കെ പലരും പറയുമെങ്കിലും ഇവിടെ അവാര്‍ഡുകള്‍ വരുമ്പോള്‍ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവരൊക്കെയാണ് പരിഗണനക്ക് വരികയെന്നും കല്‍പ്പന ചൂണ്ടിക്കാട്ടി. സീരിയലുകള്‍ പലതും അസംബന്ധമാണെന്നും മുഖാമുഖത്തില്‍ വ്യക്തമാക്കി. അമ്മമാരെ കൊടിയ ദുഷ്ടകളായാണ് സീരിയലുകള്‍ കാണിക്കുന്നത്. ആണുങ്ങളെല്ലാം വെറും പഴങ്ങളും. അത്തരം സീരിയലുകള്‍ കാണുന്നതുതന്നെ തനിക്കിഷ്ടമല്ലെന്നും കല്‍പ്പന തുറന്നടിച്ചു.
അഭിനയത്തിരക്കിനിടയിലും ജനിച്ചുവളര്‍ന്ന ചവറയുമായി ബന്ധം പുലര്‍ത്താന്‍ കല്‍പ്പന ശ്രദ്ധിച്ചിരുന്നു. പിതൃസഹോദരിയുടെ വീട്ടില്‍ ഇടക്കിടെ വന്നുപോകുമായിരുന്ന കല്‍പ്പന കുടുംബക്ഷേത്രമായ മാടന്‍നടയിലും ദര്‍ശനം നടത്തുമായിരുന്നു. ഒരു വര്‍ഷം മുമ്പാണ് പിതൃസഹോദരിയായ ലക്ഷ്മിക്കുട്ടി മരിച്ചത്. അതിന് ശേഷം ആ വരവ് നിലച്ചു. തിരക്കിട്ട അഭിനയജീവിതം തന്നെയാണ് ഇതിന് കാരണമായത്.
കല്‍പ്പനയുടെ വേര്‍പാടില്‍ ചവറ നിവാസികളും അതീവദുഖത്തിലാണ്. അനുജത്തി ഉര്‍വശിയുടെ ജനനത്തോടെയാണ് കുടുംബം തിരുവനന്തപുരത്തേക്ക് താമസമാക്കിയത്. ലോകത്തിന്റെ ഏതു കോണില്‍ പോയാലും ചവറക്കാരിയാണ് എന്ന് അഭിമാനത്തോടെ പറയുന്ന കലാകാരിയായിരുന്നു കല്‍പ്പനയെന്ന് ഈ നാട്ടുകാര്‍ ഓര്‍മിക്കുന്നു. പിതാവ് ചവറ വി.പി.നായര്‍ നാടകപ്രവര്‍ത്തകനായതിനാല്‍ ചെറുപ്പം മുതലെ കലാരംഗത്ത് കല്‍പ്പനയും ചേച്ചി കലാരഞ്ജിനിയും അനുജത്തി ഉര്‍വശിയും മികവ് പ്രകടിപ്പിച്ചിരുന്നു. വി.പി.നായരുടെ സഹോദരി ലക്ഷ്മിക്കുട്ടിയമ്മയുടെ മക്കളായ ശ്രീലാല്‍, ഗിരിലാല്‍, പത്മജ എന്നിവരാണ് ഇപ്പോള്‍ ചവറയിലുള്ള ബന്ധുക്കള്‍.
















