തൊടുപുഴ: കഞ്ചാവിന് പകരം ഉണക്കപ്പുല്ല് പൊതിഞ്ഞ് നല്‍കി വില്‍പ്പനക്കാര്‍ വിദ്യാര്‍ത്ഥികളെ കബളിപ്പിക്കുന്നു. ഇത്തരത്തില്‍ കബളിപ്പിക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ആനച്ചാലില്‍ വില്‍പ്പന സംഘത്തിലെ ഒരാള്‍ പിടിയിലാവുന്നത്. ഭംഗിയായി പൊതിഞ്ഞ കവറില്‍ നൂറ് ഗ്രാമില്‍ താഴെ കഞ്ചാവ് വച്ച് ബാക്കി പുല്ല് കൊണ്ട് നിറച്ച ശേഷം വില്‍പ്പന നടത്തുകയാണ് പതിവ്. പൊതിയുടെ ഒരു ഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ കീറിക്കാണിക്കുകയും ചെയ്യും. ശേഷം പണം വാങ്ങി ഓട്ടോയില്‍ രക്ഷപ്പെടുകയാണ് പതിവ്. വിദ്യാര്‍ത്ഥികള്‍ കവര്‍ തുറന്ന് നോക്കുമ്പോള്‍ മാത്രമാണ് കബളിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. ഇത്തരത്തില്‍ നിരവധി കേസുകള്‍ പരാതിപ്പെടാന്‍ പോലും സാധിക്കാതെ ഉണ്ടായിട്ടുള്ളതായാണ് അറിവ്. ലക്ഷക്കണക്കിന് രൂപ കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാത്രം തട്ടിയെടുത്തതായും വിവരമുണ്ട്. വിദ്യാര്‍ത്ഥികള്‍ പരാതിയുമായി പോകുകയില്ല എന്ന ധൈര്യത്തിലാണ് ഇത്തരത്തിലുള്ള വില്‍പ്പന തന്ത്രവുമായി കഞ്ചാവ് മാഫിയ എത്തുന്നത്.
















