കണ്ണൂര്‍: കൃഷികൊണ്ട് ഇന്നത്തെക്കാലത്ത് അധികമൊന്നും മെച്ചമില്ലെന്ന് പറയുന്നവരുടെ ധാരണ തെറ്റാണെന്ന് സ്വന്തം ജീവിതവിജയത്തിലൂടെ തെളിയിക്കുകയാണ് ജോബി ഈപ്പനും ഭാര്യ എലിസബത്തും. ഉന്നത ഗുണനിലവാരവും അത്യുല്‍പാദന ശേഷിയുമുള്ള പഴവര്‍ഗ തൈകളുടെ വന്‍ ശേഖരവുമായാണ് ഇവര്‍ പരിയാരത്ത് നിന്ന് കണ്ണൂര്‍ പുഷ്‌പോല്‍സവത്തിന് എത്തിയത്.
സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹമാണ് പതിമൂന്നാം വയസ്സില്‍ ജോബിയെ കൃഷിയുടെ ലോകത്തേയ്‌ക്ക് തിരിച്ചത്. കൃഷിയോട് അന്ന് തോന്നിയ സ്‌നേഹം 40 വര്‍ഷം കഴിഞ്ഞിട്ടും അല്പം പോലും കുറയാതെ ജോബിയുടെ മനസ്സിലുണ്ട്. ജീവിതത്തിന് പച്ചപ്പ് വിരിച്ചു തണലായതും കൃഷിയാണ്. വിവാഹശേഷം ഭാര്യ എലിസബത്തും കൃഷിക്കു കൂട്ടായി. ഫലവര്‍ഗ തൈകള്‍ വളര്‍ത്തിയെടുക്കാനും സ്വന്തമായി ബഡ് ചെയ്യാനും തുടങ്ങിയത് അതിനിടെയാണ്. ബ്രസീലിയന്‍ കുരുമുളക് ഇനമായ കൊഹീബിയെ നാടന്‍ കുരുമുളക് ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്തുണ്ടാക്കിയ പുതിയ ഇനം കുറ്റിക്കുരുമുളകും 18 പഴം ചേര്‍ത്താല്‍ ഒരുകിലോ വരുന്ന ബഡ് റംബൂട്ടാനും, 100 കായ ഒരു കിലോ വരുന്ന ബഡ് ജാതിയുമെല്ലാം ജോബി സ്വന്തമായി വികസിപ്പിച്ചെടുത്ത് നൂറുമേനി വിജയം കണ്ടതാണ്.പിന്നീട് പരിയാരത്ത് അനന്തക്കാട്ട് ഹൈ-ടെക് ഫാം എന്ന പേരില്‍ വിവിധ തരം തൈകളുടെ വിതരണത്തിനായി സ്വന്തമായി നഴ്‌സറി തുടങ്ങി. മക്കള്‍ ബിഎസ്‌സി അഗ്രിക്കള്‍ച്ചറിന് പഠിക്കുന്ന മിറയയും പത്താംക്ലാസില്‍ പഠിക്കുന്ന ജോസഫും കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ കൂട്ടായുണ്ട്.
ബഡ് റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, പുലാസാവ, ദുരിയന്‍, മുള്ളാത്ത, മില്‍ക്ക് ഫ്രൂട്ട്, തായ്‌ലന്റ് ചാമ്പ എന്നിങ്ങനെ നൂറോളം പഴവര്‍ഗതൈകളാണ് പുഷ്‌പോല്‍സവ നഗരിയില്‍ ജോബിയും എലിസബത്തും ഒരുക്കിയിരിക്കുന്നത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ കായ്‌ക്കുന്ന ഇരുപതോളം വ്യത്യസ്ത ഇനം പ്ലാവുകളും 15 ഇനം മാവിന്‍തൈകളുമുണ്ട്. തൈകള്‍ വാങ്ങാന്‍ വരുന്നവര്‍ക്ക് ഓരോ തൈകളും എത്ര അകലം പാലിച്ച് നടണമെന്നും എത്ര ആഴത്തില്‍ കുഴി എടുക്കണമെന്നും ഓരോ ചെടികള്‍ക്കും നടത്തേണ്ട വളപ്രയോഗം എങ്ങനെയാണെന്നുമുള്ള വിശദവിവരങ്ങള്‍ പ്രത്യേകം പറഞ്ഞ് കൊടുക്കുകയും കൃഷി അറിവുകളടങ്ങിയ നോട്ടീസുകള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. കൃഷിയെ സ്‌നേഹിക്കാന്‍ മറ്റുള്ളവര്‍ക്കും പ്രചോദനം നല്‍കുകയാണ് ഏറ്റവും വലിയ ലക്ഷ്യമെന്ന് ഈ ദമ്പതികള്‍ പറയുന്നു.
















