ന്യൂദല്‍ഹി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ പ്രതിഷേധിച്ച് അവാര്‍ഡുകള്‍ മടക്കിനല്‍കി പ്രതിഷേധ നാടകം കളിച്ച എഴുത്തുകാര്‍ക്ക് വീണ്ടുവിചാരം. കേന്ദ്രസാഹിത്യ അക്കാദമിക്ക് മടക്കി നല്‍കിയ അവാര്‍ഡുകള്‍ തിരികെ സ്വീകരിക്കാന്‍ തങ്ങള്‍ തയ്യാറാണെന്ന് ഒരുകൂട്ടം സാഹിത്യകാരന്മാര്‍ അക്കാദമിയെ അറിയിച്ചു. അവാര്‍ഡ് വാപസിക്ക് തുടക്കമിട്ട ജവഹര്‍ലാല്‍ നെഹ്രുവിന്റെ ബന്ധുകൂടിയായ നയന്‍താര സെഹ്ഗാള്‍ ഉള്‍പ്പെടെയുള്ളവര്‍ അവാര്‍ഡുകള്‍ വീണ്ടും വേണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
നയന്‍താര സെഹ്ഗാള്‍, നന്ദ് ഭരദ്വാജ് തുടങ്ങിയ എഴുത്തുകാര്‍ അവാര്‍ഡുകള്‍ വീണ്ടും വാങ്ങിക്കാന്‍ സജ്ജരാണെന്ന് അറിയിച്ചിട്ടുണ്ടെന്ന് അക്കാദമി പ്രസിഡന്റ് വിശ്വനാഥ് പ്രസാദ് തിവാരി പറഞ്ഞു. കല്‍ബുര്‍ഗി, നരേന്ദ്ര ധബോല്‍ക്കല്‍, ഗോവിന്ദ് പന്‍സാരെ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് 40ഓളം എഴുത്തുകാര്‍ അവാര്‍ഡുകള്‍ തിരികെ കൊടുത്ത് രാജ്യത്തെ അപമാനിച്ചത്. എന്നാല്‍ ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായി വീണ്ടും അവാര്‍ഡുകള്‍ നേടിയെടുക്കാനാണ് നയന്‍താര സെഹ്ഗാളിന്റെ പരിശ്രമം.
അവാര്‍ഡുകള്‍ മടക്കി നല്‍കുന്നതിനൊപ്പം ലഭിച്ച പാരിതോഷിക തുക കൂടി മടക്കി നല്‍കേണ്ടിവരുമെന്നതാണ് മിക്ക എഴുത്തുകാരെയും തീരുമാനം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നത്. അവാര്‍ഡു തുക ചില നല്ലകാര്യങ്ങള്‍ക്ക് ഉപയോഗിച്ചുപോയെന്നാണ് നയന്‍താര സെഹ്ഗാളിന്റെ പ്രതികരണം.
കല്‍ബുര്‍ഗി വധം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസാഹിത്യ അക്കാദമി സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി പാസാക്കിയ പ്രമേയം എല്ലാം അംഗങ്ങള്‍ക്കും അയച്ചുകൊടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനം പുന:പരിശോധിക്കണമെന്നും അക്കാദമി അവാര്‍ഡുകള്‍ തിരികെ കൊടുത്ത എഴുത്തുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവാര്‍ഡുകള്‍ തിരികെ കൊടുത്ത് പ്രതിഷേധിച്ചവര്‍ക്ക് ഇനിയൊരിക്കലും രാജ്യത്തിന്റെ ബഹുമതികള്‍ നല്‍കേണ്ടതില്ലെന്ന തീരുമാനം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി കണ്ടാണ് നിലപാട് പിന്‍വലിക്കാന്‍ പലരും ഇപ്പോള്‍ തയ്യാറായിരിക്കുന്നത്.
















