വടകര: നഗരസഭയുടെ നിയന്ത്രണത്തിലുള്ള വാതക ശ്മശാനത്തില്‍ മൃതദേഹം സംസ്കരിക്കാതെ തിരിച്ചയച്ചത് വിവാദമായി. കുരിയാടി പുതിയപുരയില്‍ ദിവാകരന്റെ (68) മൃതദേഹമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം ശ്മശാനത്തില്‍ സംസ്കരിക്കാതെ തിരിച്ചയച്ചത്.
ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ തിങ്ങിത്താമസിക്കുന്ന കുരിയാടി പ്രദേശത്ത് മരണം സംഭവിക്കുന്ന വേളയില്‍ ഇവിടത്തുകാര്‍ പൂര്‍ണ്ണമായും ആശ്രയിക്കുന്നത് വടകര നഗരസഭയുടെ വാതക ശ്മശാനമാണ്. ഇവിടെ എഞ്ചിന് തകരാര്‍ സംഭവിക്കുമ്പോള്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ശ്മശാനമാണ് ഉപയോഗിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നഗരസഭാ ആരോഗ്യ വിഭാഗം അധികാരികളെ ബന്ധപ്പെട്ടപ്പോള്‍ സംസ്കാരം നടത്താന്‍ തയാറാണെന്ന് ഉറപ്പ് കിട്ടിയതിനെ തുടര്‍ന്നാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിച്ചത്. എന്നാല്‍ ശ്മശാനത്തിലുള്ള വാതക സിലിണ്ടറുകള്‍ പലതും കാലിയായിരുന്നു. എഞ്ചിന് തകരാര്‍ ഉണ്ടായിരുന്നു. കൂടാതെ ഉദ്യോഗസ്ഥര്‍ക്കും വേണ്ടത്ര പരിചയം ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് മൂന്നു മണിക്കൂറോളം മൃതദേഹം അനാഥമായി കിടക്കുകയും തുടര്‍ന്ന് വെസ്റ്റ്ഹില്‍ ശ്മശാനത്തില്‍ കൊണ്ടുപോയി സംസകരിക്കുകയായിരുന്നു.
മൃതേദഹം സംസ്കരിക്കാതെ തിരിച്ചയച്ച് അപമാനിച്ച നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗ്സഥര്ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് കുരിയാടിയില്‍ ചേര്‍ന്ന ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം ഗ്രാമസമിതിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി വി. പ്രഹ്ളാദന്, പി. പി. വ്യാസന്, പി. ശ്യാംരാജ്, രഞ്ചിത്ത് ചോമ്പാല എന്നിവര്‍ സംസാരിച്ചു. കെ. വി. ഷൈബു സ്വാഗതവും ആര്. രാജീവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: