കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ മികച്ച വിജയം നേടി കായികരംഗത്ത് കണ്ണൂര്‍ ജില്ലയുടെ ഭാവിവാഗ്ദാനമായി മാറിയ ജിസ്‌ന മാത്യുവിന് വീടു നിര്‍മിക്കാന്‍ 5 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ജിസ്‌നയുടെ വീടിനും നാടിനും ആഹ്ലാദം പകര്‍ന്നു. സ്ഥലം എംഎല്‍എയും ഗ്രാമവികസനവകുപ്പ് മന്ത്രിയുമായ കെ.സി.ജോസഫ് ജിസ്‌നയുടെ പിതാവിനെ ഫോണില്‍ വിളിച്ചാണ് വിവരമറിയിച്ചത്. ജിസ്‌നയുടെ വീടുനിര്‍മ്മാണത്തിനായി ഇതിനുപുറമെ 5 ലക്ഷം രൂപ കൂടി നല്‍കാമെന്ന് നോര്‍ക്ക റൂട്‌സ് വൈസ് ചെയര്‍മാന്‍ സി.കെ.മേനോന്‍ അറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.
ആലക്കോട് വായാട്ടുപറമ്പ് താവുകുന്നിലെ കുഴിവേലില്‍ കെ.എം.മാത്യുവിന്റെയും ജെസിയുടെയും മകളായ ജിസ്‌നയുടെ നേട്ടങ്ങള്‍ നാടിനും ഭാഗ്യം കൊണ്ടുവരികയാണ്. ജിസ്‌നയുടെ നാട്ടിലൂടെ വായാട്ടുപറമ്പ്-താവുകുന്ന്-ബക്കിരിമല വഴി കടന്നുപോകുന്ന റോഡിന്റെ നവീകരണത്തിനായി നേരത്തേ മന്ത്രി കെ.സി.ജോസഫ് ഇടപെട്ട് 23 ലക്ഷം രൂപയുടെ പദ്ധതി അനുവദിച്ചിരുന്നു. ഈ പ്രവൃത്തി ഇപ്പോള്‍ പൂര്‍ത്തീകരണത്തോടടുക്കുകയാണ്. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം അടുത്ത മാസം നടത്താനാകുമെന്നാണ് പ്രതീക്ഷ.
പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ മെഡലുകള്‍ സൂക്ഷിക്കാന്‍ പോലും ഇടമില്ലാത്ത അവസ്ഥയിലായിരുന്നു ജിസ്‌നയുടെ മാതാപിതാക്കള്‍. സഹോദരി ജില്‍ജു നഴ്‌സിങ് പഠിച്ച് ബാംഗ്ലൂരില്‍ ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജിസ്‌ന ഇപ്പോള്‍ കോഴിക്കോട് ഉഷ സ്‌കൂളില്‍ താമസിച്ച് പരിശീലനം നേടുകയാണ്. അതിനടുത്തുള്ള പൂവമ്പായി സ്‌കൂളിലാണ് പഠിക്കുന്നത്. നാട്ടിലേക്കുള്ള റോഡിനു പിന്നാലെ വീടിനായും സഹായമെത്തിച്ച മന്ത്രി കെ.സി.ജോസഫിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് ജിസ്‌നയുടെ പിതാവ് മാത്യു പറഞ്ഞു.
നേരത്തേ കണ്ണൂരിന്റെ മലയോരമണ്ണില്‍ നിന്ന് കളിച്ചുവളര്‍ന്ന ടിന്റു ലൂക്കയുടെ പാതയില്‍ കൂടുതല്‍ മുന്നേറ്റങ്ങള്‍ നടത്താന്‍ ജിസ്‌നയ്‌ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍. നേരത്തേ ടിന്റുവിനും ഇരിട്ടി ചാവശ്ശേരിയില്‍ സര്‍ക്കാര്‍ സഹായത്തോടെ വീടൊരുക്കിയിരുന്നു.
















