ചെറുതോണി: പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തി വേലി കെട്ടി അടച്ചതിനേ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗര്‍ഭിണിയായ യുവതിക്ക് വെട്ടേറ്റു. മണിയാറന്‍കുടി ഒഴുവേകണ്ടത്തില്‍ തങ്കച്ചന്റെ മകള്‍ നീതു (26) വിനാണ് വെട്ടേറ്റത്. മണിയാറന്‍കുടി – വട്ടമേട് പഞ്ചായത്ത് റോഡ് തകരപ്പിള്ളില്‍ എല്‍സമ്മ മത്തായി വേലി കെട്ടി അടച്ചിരുന്നു. ഇന്നലെ ഉച്ചയ്‌ക്ക് 12.30 ഓടെ ഇടുക്കി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധന കഴിഞ്ഞ് നീതുവും പിതാവും, ഭര്‍ത്താവ് ജോബിനുമൊപ്പം വീട്ടിലേക്ക് വരുമ്പോഴാണ് സംഭവം. വഴി വേലികെട്ടി അടച്ചത് ചോദ്യം ചെയ്തതോടെ വാക്കത്തിയുമായി എത്തിയ എല്‍സമ്മ യുവതിയെ വെട്ടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. എല്‍സമ്മയുടെ കൃഷിയിടത്തിലെ ജോലിക്കാരനായ ജോയി മുത്തു, ഭര്‍ത്താവായ ജോബിനെ കല്ലിന് ഇടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തടസ്സം പിടിക്കാനെത്തിയ പിതാവ് തങ്കച്ചനും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് തങ്കച്ചന്‍ പോലീസിലറിയിച്ചതിനേ തുടര്‍ന്ന് വാക്കത്തിയുമായി നില്‍ക്കുന്ന എല്‍സമ്മയില്‍ നിന്നും പോലീസ് യുവതിയെ രക്ഷിച്ച് ആശുപത്രിയിലാക്കുകയായിരുന്നു. നീതു പ്രസവത്തിനായി ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ വേണ്ടി വസ്ത്രമെടുക്കാന്‍ വീട്ടിലേക്ക് പോകുംവഴിയാണ് അക്രമം ഉണ്ടായത്. ഇതിനുമുമ്പും വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് ഇവിടെ വേലികെട്ടിയത് നാട്ടുകാര്‍ പൊളിച്ചു മാറ്റിയിരുന്നു. ഇടുക്കി പോലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് കേസെടുക്കുമെന്ന് ഇടുക്കി എസ് ഐ പറഞ്ഞു.
















