ഹൈദരാബാദ്: ഹൈദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം മാധ്യമങ്ങളും രാഷ്‌ട്രീയപ്പാര്‍ട്ടികളും തുടരുന്നത് കുപ്രചാരണം തന്നെ.
യാക്കൂബ് മേമനെ തൂക്കിക്കൊന്നതിനെ എതിര്‍ത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍, ഇക്കഴിഞ്ഞ ഞായറാഴ്ച ജീവനൊടുക്കിയ രോഹിത് വെമുലയുടെ നേതൃത്വത്തില്‍ ക്യാമ്പസില്‍ പ്രകടനം നടത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് സംഭവങ്ങളുടെ തുടക്കം.
എന്നാല്‍ രോഹിതിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍, രാജ്യവിരുദ്ധ നിലപാട് എടുത്തതിനെ ചോദ്യം ചെയ്തതാണ് തുടക്കമെന്ന സത്യം മിക്ക മാധ്യമങ്ങളും മൂടിവച്ചിരിക്കുകയാണ്. അഞ്ചു മാസം മുന്‍പ് കേന്ദ്രമന്ത്രി എഴുതിയ കത്തില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. അതായത് വിദ്യാര്‍ത്ഥി ജീവനൊടുക്കിയതിന് അഞ്ചു മാസം മുന്‍പ് എഴുതിയ കത്ത്.
യാക്കൂബ് അനുകൂല പ്രകടനത്തില്‍, യൂണിവേഴ്‌സിറ്റിയില്‍ കണ്ടിട്ടില്ലാത്ത അപരിചിതരായ ചിലരും പങ്കെടുത്തിരുന്നു. പ്രകടനത്തോട് അനുബന്ധിച്ച് യോഗവും ചേര്‍ന്നിരുന്നു. ഓരോ വീട്ടില്‍ നിന്നും ഓരോ യാക്കൂബ് ഇനി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന പ്രഖ്യാപനവും യോഗത്തിലുണ്ടായി.എത്ര യാക്കൂബുമാരെ നിങ്ങള്‍ കൊല്ലുമെന്ന വെല്ലുവിളിയും അതിലുയര്‍ന്നു. ആഗസ്റ്റ് മൂന്നിനായിരുന്നു ഇത്. എബിവിപി ഭാരവാഹിയായ സുശീല്‍കുമാര്‍ ഇത് ചോദ്യം ചെയ്തു. ഈ പ്രതിഷേധം സുശീല്‍ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തു. അതിനുള്ള സ്വാതന്ത്ര്യം സുശീലിന് ഇല്ലേയെന്നാണ് ചോദ്യം. അന്നു രാത്രി മുപ്പതോളം പേര്‍ സുശീലിന്റെ മുറിയില്‍ എത്തി. സുശീലിനെ വലിച്ചുപുറത്തിട്ടു. വിവരമറിഞ്ഞ് പോലീസ് എത്തിയെങ്കിലും വൈകാതെ അവര്‍ മടങ്ങി. രണ്ട് കോണ്‍സ്റ്റബിള്‍മാരുടെ സാന്നിധ്യത്തിലാണ് സംഘം സുശീലിനെ തല്ലിച്ചതച്ചത്.
അവര്‍ സുശീലിനെ വലിച്ചിഴച്ച് പ്രധാന ഗേറ്റു വരെ കൊണ്ടുപോയി. സെക്യൂരിറ്റി മുറിയില്‍ വച്ച് സുശീല്‍ കുമാറിനെക്കൊണ്ട് ഫേസ് ബുക്ക് തുറപ്പിച്ച് അതില്‍ മാപ്പെഴുതിപ്പിച്ചു. ഇതിനെല്ലാം സെക്യൂരിറ്റി ഓഫീസര്‍ സാക്ഷിയായിരുന്നു. തുടര്‍ന്ന് സുശീലിനെ ആശുപത്രിയിലാക്കി.
സംഘര്‍ഷം ഉണ്ടായിട്ടില്ല, മുപ്പതു പേര്‍ ചേര്‍ന്ന് ഒരാളെ മര്‍ദ്ദിച്ചവശനാക്കുകയായിരുന്നു. ഇക്കാര്യം ആരും ഇതുവരെ നിഷേധിച്ചിട്ടുമില്ല. പതിവുപോലെ പോലീസും സര്‍വ്വകലാശാലാ അധികൃതരും അനങ്ങിയില്ല. പരാതി പറയാന്‍ എത്തിയ സുശീലിന്റെ അമ്മയെ ഇക്കൂട്ടര്‍ അസഭ്യം വിളിച്ചു.
തുടര്‍ന്ന് അവര്‍ കോടിയെ സമീപിച്ചു. സംഭവം അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടു.തുടര്‍ന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഒരു സമിതിയുണ്ടാക്കി അന്വേഷണം നടത്തി. വിശദമായ അന്വേഷണം നടത്തിയ സമിതി അഞ്ചു വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തു.ഇതോടെ അഞ്ചു പേരുടെ പഠനവും സ്‌കോളര്‍ഷിപ്പും എല്ലാം മുടങ്ങുമെന്നായി. കാമ്പസില്‍ വലിയ കോലാഹലമായി. അക്രമാസക്തമായ സമരങ്ങളും അരങ്ങേറി. വിസി ശര്‍മ്മയെ പൂട്ടിയിടുക വരെ ചെയ്തു. ഇതോടെ തീരുമാനം നടപ്പാക്കുന്നത് മാറ്റിവച്ചു.
പുതിയ വിസി വന്നശേഷം വിഷയം വീണ്ടും ഉന്നയിച്ചു.
തെറ്റുകാണിച്ച ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ ശിക്ഷ നല്‍കാന്‍ തീരുമാനമായി. അവരെ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കാനായിരുന്നു തീരുമാനം.പഠിക്കാന്‍ അനുവദിച്ചു, ഫെലോഷിപ്പ് നിര്‍ത്തിയുമില്ല. ഇവര്‍ 2015 ഡിസംബറില്‍ ഹൈക്കോടതിയെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ടവാദം ഈ മാസം നടക്കാനിരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു സമരവും ആത്മഹത്യയും.
അതിനിടെ രോഹിത് ദളിതല്ലെന്ന് വ്യക്തമായിട്ടുമുണ്ട്. വദ്ദരയെന്ന ഒബിസി സമുദായംഗമായിരുന്നു രോഹിത്.കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഒന്‍പത് ദളിത് വിദ്യാര്‍ത്ഥികള്‍ ഇവിടെ ജീവനൊടുക്കിയിട്ടുണ്ട്. അന്നൊന്നും ഒരു കോലാഹലവും ഉണ്ടായിട്ടില്ല. ഇത് ഇപ്പോഴത്തെ വിവാദത്തിനു പിന്നിലെ രാഷ്‌ട്രീ യമാണ് ചൂണ്ടിക്കാട്ടുന്നത്. അതിനിടെ രാഷ്‌ട്രീയ മുതലെടുപ്പിന് ഇവിടേക്ക് രാഷ്‌ട്രീയ നേതാക്കളുടെ ഒഴുക്ക് തുടരുകയാണ്.രാഹുല്‍ ഗാന്ധിക്കും മായാവതിക്കും പുറമേ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവും അരവിന്ദ് കേജ്‌രിവാളും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗ്‌മോഹന്‍ റെഡിയും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇവിടെ എത്തി.
















