ആലപ്പുഴ: ജില്ലയിലെ പോലീസ് സേനയിലെ പ്രധാന സ്ഥാനങ്ങളില്‍ ഭരണകക്ഷിയുടെ താത്പര്യപ്രകാരം അഴിമതി ആരോപണ വിധേയരെ നിയമിച്ചതായി ആക്ഷേപം. രാഷ്‌ട്രീയ വിധേയത്വം മാത്രം മാനദണ്ഡമാക്കി പോലീസ് ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും മാറ്റുകയും താത്പര്യമുള്ളവരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിക്കുകയും ചെയ്യുന്നത് പോലീസ് സേനയുടെ തന്നെ ആത്മവിശ്വാസം തകര്‍ക്കുന്നതാണെന്ന് സേനാംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
കാര്യക്ഷമത തെളിയിച്ച ഉദ്യോഗസ്ഥരെ ജില്ലയ്‌ക്കു വെളിയിലേക്ക് സ്ഥലം മാറ്റിയപ്പോള്‍ പകരം രാഷ്‌ട്രീയ ഏറാന്‍മൂളികളെയാണ് നിയമിച്ചതെന്നാണ് പ്രധാന ആക്ഷേപം. വകുപ്പുമന്ത്രിയുടെ പാര്‍ട്ടിയുടെ ജില്ലാപ്രസിഡന്റും ഒരു മുന്‍ കേന്ദ്രമന്ത്രിയുടെ ഗണ്‍മാനുമാണത്രെ ആലപ്പുഴ ജില്ലയിലെ പോലീസിലെ സ്ഥലംമാറ്റങ്ങള്‍ നിശ്ചയിക്കുന്നത്. നേരത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വകുപ്പു ഭരിച്ചപ്പോള്‍ എ ഗ്രൂപ്പിന്റെ പ്രമുഖനെതിരെയും ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. രമേശ് ചെന്നിത്തല പകരമെത്തിയപ്പോള്‍ ഐ ഗ്രൂപ്പ് നേതാക്കളാണ് ജില്ലയിലെ പോലീസ് സേന ഭരിക്കുന്നതെന്നുമാത്രം.
വിജിലന്‍സ് കേസും റെയ്ഡും നേരിട്ട ഉദ്യോഗസ്ഥനെയാണ് അടുത്തിടെ പ്രധാന തസ്തികയില്‍ നിയമിച്ചത്. സ്വന്തമായി ബിസിനസ് നടത്തുന്നെന്ന് ആക്ഷേപമുള്ള ഇദ്ദേഹത്തിന് തുടര്‍ച്ചയായി അഞ്ചാംതവണയാണ് ആലപ്പുഴയില്‍ തന്നെ നിയമനം ലഭിക്കുന്നത്. സിഐ റാങ്കില്‍ നിയമിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥനെതിരെയും ഇത്തരത്തില്‍ ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സ് അന്വേഷണവും സസ്‌പെന്‍ഷനും നേരിട്ട ഈ ഉദ്യോഗസ്ഥനെ ജില്ലയിലെ പ്രധാന സ്‌റ്റേഷനിലാണ് നിയമനം നല്‍കിയത്.
തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് തങ്ങള്‍ക്കു താത്പര്യമുള്ളവരെ കോണ്‍ഗ്രസ് നേതൃത്വം പ്രധാന തസ്തികകളില്‍ നിയമിക്കുന്നതില്‍ പോലീസ് സേനയില്‍ വ്യാപക അസംതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ പലയിടങ്ങളിലും ഇതേ നയമാണ് നടപ്പാക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ്അടുത്ത സാഹചര്യത്തില്‍ ഇത്തരത്തില്‍ നിയമനം ജില്ലയില്‍ വ്യാപകമായി നടത്താനാണ് നീക്കം.
















