കണ്ണൂര്‍: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധ്യക്ഷന്മാര് ചുമതലയേറ്റ് രണ്ട് മാസം പിന്നിടുമ്പോഴും കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് മുഴുവന്‍ സമയ പ്രസിഡണ്ടില്ലാത്തത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ഗുരുതരമായി ബാധിച്ചുതുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട കാരായി രാജന് ജില്ലയില്‍ പ്രവേശിക്കാനാവാത്തതാണ് ഭരണത്തിന് വിനയായിരിക്കുന്നത്. ഫസല്‍ കേസില്‍ സിബിഐ കോടതി എറണാകുളം ജില്ല വിട്ട് പോകരുതെന്ന് ഉത്തരവ് പുറപ്പെടുവിച്ച കാരായിരാജനെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. വിജയിത്തതിന് ശേഷം ജില്ലാപഞ്ചായത്ത് പ്രസിഡണ്ടായി നിയമിക്കാനുള്ള തീരുമാനവും ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ബന്ധത്തിന് വഴങ്ങി പാര്‍ട്ടി കാരായിയെ തല്‍സ്ഥാനത്ത് പ്രതിഷ്ഠിക്കുകയായിരുന്നു. പ്രസിഡണ്ടാക്കുക വഴി കോടതി വിധിയെ മറികടക്കാമെന്ന പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമായിരുന്നു നടപടികള്‍. എന്നാല്‍ പാര്‍ട്ടി തന്ത്രം തെരഞ്ഞെപ്പ് കഴിഞ്ഞതോടെ സാധാരണക്കാരായ ജനങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. നിരവധി വികസന പദ്ധതികളുമായി ബന്ധപ്പെട്ട കടലാസുകളില്‍ ഒപ്പുവെക്കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥലത്തില്ലാത്തത് പദ്ധതികളെ അവതാളത്തിലാക്കിയിരിക്കുകയാണ്. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ചുരുങ്ങിയ നാളുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ എങ്ങുമെത്താതെ ഫണ്ടുകള്‍ ലാപ്സാകുന്ന സ്ഥിത സംജാതമായിട്ടുണ്ട്. ജനകീയ സേവനങ്ങളില്‍ മുഴുവന്‍ സമയം പ്രവര്‍ത്തിക്കേണ്ട ഒരു സ്ഥാനത്ത് കൊലക്കേസില്‍ പ്രതിസ്ഥാനത്തുനില്ക്കുന്ന നേതാവിനെ നിര്‍ത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നേതൃത്വത്തിനെതിരെ പാര്‍ട്ടിക്കകത്തുനിന്നുതന്നെ പ്രതിഷേധം ശക്തമായിക്കഴിഞ്ഞതായി സൂചനകളുണ്ട്.
അതേസമയം പ്രസിഡണ്ടിന്റെ അഭാവത്തില്‍ ജില്ലാ പഞ്ചായത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്തിവരുന്ന ഡിവൈഎഫ്ഐയുടെ നേതാവും വൈസ് പ്രസിഡണ്ടുമായ പി.പി.ദിവ്യയുടെ നടപടികള്‍ ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിക്ക് വഴിയൊരുക്കിയിട്ടുണ്ട്. പല ജീവനക്കാരും പരസ്യമായി തന്നെ ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചിരിക്കുകയാണ്. വൈസ് പ്രസിഡണ്ടിനെതിരെ നിരവധി പരാതികള്‍ ജീവനക്കാര്‍ക്കിടയില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. വാര്‍ത്തകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്കി എന്നാരോപിച്ച് വൈസ് പ്രസിഡണ്ട് ചില ജീവനക്കാരെ ശാസിച്ചതായി പറയപ്പെടുന്നു. ഓഫീസ് കാര്യങ്ങള്‍ പുറത്തറിയിക്കുന്ന ഇത്തരക്കാരെ നിലക്കുനിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പറയപ്പെടുന്നു. പ്രസിഡണ്ടിന്റെ അഭാവത്തില്‍ തന്റെ തീരുമാനങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നരീതിയിലുള്ള പ്രതികരണം ജീവനക്കാര്‍ക്കിടയില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനം തനിക്ക് വേണമെന്ന് വൈസ് പ്രസിഡണ്ട് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. പ്രസിഡണ്ടിന്റെ കാര്യത്തില്‍ തീരുമാനമായശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പറ്റൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും അറിയുന്നു.
തനിക്ക് അനുവദിച്ച അമ്പാസിഡര്‍ കാര്‍ ഉപയോഗിക്കാതെ മറ്റ് വാഹനങ്ങളില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സഞ്ചരിക്കുകയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന്റെ മുന്നില്‍ ചിലര്‍ അവതരിപ്പച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി നേതൃത്വം വിളിച്ചുവരുത്തി വൈസ് പ്രസിഡണ്ടിനെ ശാസിച്ചതായും പറയപ്പെടുന്നു. സംസ്ഥാന കേരളോത്സവം വിജയികളായ ജില്ലാടീമിനെ ആദരിക്കാന്‍ നടത്തിയ ചടങ്ങില്‍ യുവജനക്ഷേമ ബോര്‍ഡ് അധികൃതരെ വൈസ് പ്രസിഡണ്ട് അവഹേളിച്ചതായും ആരോപണമുയര്‍ന്നിട്ടുണ്ട്.
സിപിഎമ്മിന്റെ മറ്റ് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്കിടയില്‍ തന്നെ ഡിവൈഎഫ്ഐ നേതാവായ വനിതാ നേതാവിന്റെ പ്രവര്‍ത്തന ശൈലിക്കെതിരെ അഭിപ്രായ വ്യത്യാസം ഉയര്‍ന്നിട്ടുള്ളതായും അറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: