കണ്ണൂര്‍: കേരള ഫോക്ലോര് അക്കാദമിയില്‍ നടന്ന ബസ്തര്‍ ശില്പശാലയോടനുബന്ധിച്ച് നടന്ന കിരാതവൃത്തം ദൃശ്യാവിഷ്കാരം അക്ഷരാര്‍ത്ഥത്തില്‍ കാണികളുടെ മനം കീഴടക്കി. കവി കടമ്മനിട്ടയുടെ കിരാതവൃത്തം എന്ന കവിതയാണ് ഡോ.കെ.വി.ഷിനിമോളും സംഘവും വേദിയിലെത്തിച്ചത്. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 15 വിദ്യാര്‍ത്ഥികളാണ് ദൃശ്യാവിഷ്കാരം അവതരിപ്പിച്ചത്. പ്രകൃതിയോടും സ്ത്രീകളോടും കുട്ടികളോടും മനുഷ്യര്‍ കാട്ടുന്ന ക്രൂരതകളും അതിന്റെ അനന്തരഫലങ്ങളും മനോഹരമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചു.
പ്രകൃതിശക്തികളുടെ താണ്ഡവവും സ്ത്രീസമൂഹത്തിന്റെ പ്രതിഷേധസ്വരങ്ങളും കുട്ടികളുടെ ചുവടുകളിലൂടെ ശക്തമായി ആവിഷ്കരിക്കപ്പെട്ടു. നാല് വയസുള്ള എല്‍ കെ ജി വിദ്യാര്‍ത്ഥി മന്‍മേഘ് മുതല്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അര്ജുന് രാധാകൃഷ്ണന്, ആദര്‍ശ് വരെയുള്ള കുട്ടികളോരോരുത്തരും വ്യത്യസ്തമായ ഭാവാഭിനയമാണ് കാഴ്ചവെച്ചത്. എല്ലാവരും ഇന്ന് സൗകര്യപൂര്‍വം മറന്നുകൊണ്ടിരിക്കുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഹൃദയബന്ധം ഓര്‍മ്മപ്പെടുത്തുകയാണ് കടമ്മനിട്ടക്കവിതയുടെ ദൃശ്യഭാഷ്യം കൊണ്ട് ലക്ഷ്യമിട്ടതെന്ന് ഡോ.ഷിനിമോള്‍ പറഞ്ഞു.
കൂടാളി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍, പെരളശ്ശേരി എകെജി സ്കൂള്‍, എടയന്നൂര്‍, ചെമ്പിലോട്, കടമ്പൂര്, വാരം യുപി, അഞ്ചരക്കണ്ടി തുടങ്ങി വിവിധ സ്കൂളുകളില്‍ നേരിട്ടെത്തിയാണ് ഷിനിമോള്‍ അഭിനേതാക്കളെ കണ്ടെത്തിയത്. ഫോക്ലോറില് ഡോക്ടറേറ്റ് നേടിയതിനുശേഷം കലാമണ്ഡലത്തില്‍ വിസിറ്റിങ് ലക്ചറര്‍ ആയി ജോലി ചെയ്തുവരികയാണ് ഡോ. ഷിനിമോള്‍. 1993 ല്‍ കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: