ന്യൂദല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്കുവേണ്ടി ബോംബു നിര്‍വീര്യമാക്കല്‍ സ്‌ക്വാഡിനായി റോബോട്ടുകള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതിന്റെ നടപടികള്‍ തുടങ്ങി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് സൈന്യവും അന്വേഷണ ഏജന്‍സികളും ഈ ആവശ്യം ഉയര്‍ത്തിയിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിരുന്നില്ല.
കഴിഞ്ഞ ദിവസം പത്താന്‍കോട്ട് ആക്രമണം നടത്തിയ പാക്കിസ്ഥാന്‍ ഭീകരരുടെ ജഡത്തിലെ ബോംബുകള്‍ നിര്‍വീര്യമാക്കുന്നതിനിടെ ലഫ്. കേണല്‍ ഇ. കെ. നിരഞ്ജന് ജീവന്‍ നഷ്ടപ്പെട്ട സംഭവത്തെതുടര്‍ന്ന് പ്രതിരോധവകുപ്പ് പ്രത്യേക താല്‍പര്യമെടുത്താണ് റോബോട്ടുകള്‍ വാങ്ങാന്‍ തീരുമാനച്ചത്.
ബോംബു നിര്‍വീര്യമാക്കുന്നതിനായി നിലവില്‍ പ്രത്യേക വസ്ത്രകവചങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കിലും അവയുടെ ഗുണനിലവാരം കുറവാണെന്ന വിലയിരുത്തലിനെ തുടര്‍ന്ന് ഉപയോഗിക്കാറില്ല. അതുകൊണ്ടാണ് നിരഞ്ജന്റെ ജീവാപായത്തിനുപോലും ഇടയായതെന്നു പറയുന്നതില്‍ തെറ്റില്ലെന്ന് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ടുവീലും നാലുവീലുമുള്ള റോബോട്ടുകളാണ് വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇവയ്‌ക്ക് പടവുകള്‍ കയറാനുള്‍പ്പെടെയുള്ള കഴിവുള്ളവയായിരിക്കും. വീഡിയോ, ഓഡിയോ നിയന്ത്രണ സംവിധാനമുള്ള, റിമോട്ട് കണ്‍ട്രോള്‍ ചെയ്യാനാവുന്ന റോബോട്ടുകള്‍ ആയിരിക്കും വാങ്ങുക. 2015 നവംബര്‍ 15, 19 തീയതികളില്‍ വിദഗ്‌ദ്ധര്‍ നിര്‍ദ്ദിഷ്ട പ്രത്യേകതകളുള്ള റോബോട്ടുകള്‍ വാങ്ങാന്‍ ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ വന്നശേഷം ഏറെ പരിഷ്‌കാരങ്ങള്‍ വരുത്തിയിട്ടും പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ മുന്‍കാലത്ത് നിലനില്‍ക്കുന്ന നടപടിക്രമങ്ങളിലെ നൂലാമാലകളാണ് നടപടി വൈകിപ്പിക്കുന്നത്.
















