ഹരിദ്വാര്‍: ഗൗഡസാരസ്വത സമൂഹത്തിന്റെ ആത്മീയ ഗുരുവും കാശി മഠാധിപതിയുമായ സ്വാമി സുധീന്ദ്രതീര്‍ത്ഥ(91) മഹാസമാധിയില്‍ ലയിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ഇന്നലെ രാത്രി 12ന് ഹരിദ്വാറില്‍ ഗംഗാതീരത്ത് സമാധിചടങ്ങുകള്‍ നടന്നു. സുധീന്ദ്രതീര്‍ത്ഥ സ്വാമിജികളുടെ പിന്‍ഗാമി സംയമീന്ദ്ര തീര്‍ത്ഥയുടെ കാര്‍മ്മികത്വത്തിലായിരുന്നു ചടങ്ങുകള്‍. ഞായറാഴ്ച പുലര്‍ച്ചെ 1.15 മണിക്ക് ഹരിദ്വാറിലെ വ്യാസാശ്രമത്തിലായിരുന്നു മഹാസമാധി.
ഇന്നലെ രാത്രി 9.30ഓടെ വ്യാസാശ്രമത്തില്‍ ശിഷ്യന്‍ സംയമീന്ദ്ര തീര്‍ത്ഥയുടെ കാര്‍മ്മികത്വത്തില്‍ ത്രികാലപൂജ നടന്നു. തുടര്‍ന്ന് സിംഹാസനത്തില്‍ സമാധിയിരുന്ന സ്വാമിജി സുധീന്ദ്രതീര്‍ത്ഥയെ ഗംഗാസ്‌നാനം ചെയ്യിച്ച് വ്യാസാശ്രമത്തിന് രണ്ടുതവണ പ്രദക്ഷിണം ചെയ്തു. ഇതിനു ശേഷം ആശ്രമത്തിനുള്ളില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് സ്വാമിജിയെ സമാധിയിരുത്തി. 13 ദിവസം നീണ്ടുനില്‍ക്കുന്ന ചടങ്ങുകളാണ് മഹാസമാധിയോടനുബന്ധിച്ച് നടത്തുന്നത്. ഇതിനു ശേഷം സംയമീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഗൗഡസാരസ്വത സമൂഹത്തിന്റെ ഉത്തരാധികാരിയായി സ്ഥാനമേല്‍ക്കും.
അസുഖബാധിതനായി മുംബൈ അന്ധേരിയിലെ സെവന്‍ഹില്‍സ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ സ്വാമിജിയുടെ ആഗ്രഹപ്രകാരം ഹരിദ്വാറിലെ വ്യാസാശ്രമത്തിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുവരികയായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ ശിഷ്യന്‍ സ്വാമി സംയമീന്ദ്രതീര്‍ത്ഥ ഹരിദ്വാറിലേക്ക് തിരിച്ചിരുന്നു. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ സമാധി സംഭവിച്ചു. ഇന്നലെ വൈകിട്ടോടെയാണ് സംയമീന്ദ്ര തീര്‍ത്ഥ ഹരിദ്വാറിലെത്തിയത്. ഇതിനു ശേഷമായിരുന്നു മഹാസമാധിചടങ്ങുകള്‍ ആരംഭിച്ചത്.
കാശിമഠത്തിലെ ഗുരുപരമ്പരയിലെ ഇരുപതാമത് മഠാധിപതിയായിരുന്നു സുധീന്ദ്രതീര്‍ത്ഥ. 1926ല്‍ എറണാകുളത്താണ് സ്വാമിജിയുടെ ജനനം. പൂര്‍വ്വാശ്രമത്തിലെ പേര് സദാശിവ ഷേണായി എന്നായിരുന്നു. മഹാരാജാസ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സുകൃതീന്ദ്രതീര്‍ത്ഥ സ്വാമിജിയുടെ പ്രഭാഷണങ്ങളില്‍ ആകൃഷ്ടനായാണ് ആധ്യാത്മികമാര്‍ഗ്ഗം സ്വീകരിച്ചത്. വേദങ്ങളിലും പുരാണങ്ങളിലും അഗാധപാണ്ഡിത്യം നേടിയ സ്വാമിജി ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലും പ്രാവീണ്യം നേടി.
1944 മെയ് 24ന് സ്വാമിജിയില്‍ നിന്നും സുധീന്ദ്രതീര്‍ത്ഥ മന്ത്രദീക്ഷ സ്വീകരിച്ചു. 1949ല്‍ സുകൃതീന്ദ്രതീര്‍ത്ഥയുടെ സമാധിയ്‌ക്ക് ശേഷം പ്രഥമ ശിഷ്യനായിരുന്ന സുധീന്ദ്രതീര്‍ത്ഥ ഗൗഡസാരസ്വത സമൂഹത്തിന്റെ പരമോന്നത ആചാര്യ സ്ഥാനത്ത് നിയോഗിക്കപ്പെട്ടു. പിന്നീട് വൈഷ്ണവ പരമ്പരയുടെ ധര്‍മ്മഗുരുസ്ഥാനത്തും അദ്ദേഹം അവരോധിക്കപ്പെട്ടു.
















