ഗ്ലാസ്ഗോ: ഓരോ പെണ്‍ജീവിതങ്ങളും പറഞ്ഞുതീരാത്ത പലകഥകളും അടങ്ങുന്നതാണ്. വീഴ്‌ച്ചകളുടെ ഇരുട്ടില്‍നിന്ന് വിജയത്തിന്റെ വെളിച്ചത്തിലേക്ക് കടക്കുന്ന പെണ്‍ജീവിതത്തിന്റെ പല കഥകളും ഇന്ന് കഥാന്ത്യത്തിലേക്കെത്തുന്നത് ശുഭപര്യവസാനിയായാണ്. അത്തരത്തിലൊരു ജീവിതമാണ് ശര്‍മിള ധന്‍കറിന്റേത്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ഷോട്ട്പുട്ട് (എ-57 വിഭാഗം) ഫൈനലില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് ഭാരതത്തിനായി സ്വര്‍ണ്ണപ്പതക്കം സ്വന്തമാക്കിയിരിക്കുകയാണ് ഹരിയാനയില്‍ നിന്നുള്ള പാര അത്ലറ്റ് ശര്‍മിള ധന്‍കര്‍. കോമണ്‍വെല്‍ത്ത് ഗെയിംസ് പാര അത്ലറ്റിക്സില്‍ ഭാരതം നേടുന്ന ആദ്യ സ്വര്‍ണ്ണമാണിത്. കൂടാതെ, നീണ്ട 20 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഭാരതം പാര അത്ലറ്റിക്സില്‍ ഒരു മെഡല്‍ സ്വന്തമാക്കുന്നത്. എന്നാല്‍, വിജയപീഠത്തിലെ ഈ തിളക്കത്തിന് പിന്നില്‍ കണ്ണീരും പീഡനങ്ങളും അതിജീവനത്തിനായുള്ള കഠിന പോരാട്ടങ്ങളും നിറഞ്ഞ ഒരു ജീവിതമുണ്ട്. ഹരിയാനയിലെ മഹേന്ദര്‍ഗഡ് ജില്ലയിലെ ഛിത്രോളി ഗ്രാമത്തില്‍ ജനിച്ച ശര്‍മിളയ്‌ക്ക് രണ്ട് വയസ്സുള്ളപ്പോഴാണ് പോളിയോ ബാധിച്ച് കാലിന്റെ ശേഷി ഭാഗികമായി നഷ്ടപ്പെടുന്നത്. കാഴ്ചവൈകല്യമുള്ള അമ്മയും കര്‍ഷകനായ അച്ഛനുമടങ്ങുന്ന കുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞ അന്തരീക്ഷത്തിലാണ് ശര്‍മിള വളര്‍ന്നത്. 19ാം വയസ്സിലായിരുന്നു ശര്‍മിളയുടെ ആദ്യ വിവാഹം. എന്നാല്‍ അവിടെ കാത്തിരുന്നത് ക്രൂരമായ ഗാര്‍ഹിക പീഡനങ്ങളായിരുന്നു. വര്‍ഷങ്ങളോളം മാനസികവും ശാരീരികവുമായ പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു.
ഒരിക്കല്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ 3 മണി വരെ ആദ്യ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ച ശര്‍മിളയെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അന്ന് രണ്ടു പെണ്‍മക്കളെയുമെടുത്ത് ഇറങ്ങിയ അവര്‍ പിന്നീട് അങ്ങോട്ട് മടങ്ങിപ്പോയിട്ടില്ല. പിന്നീട് അജിത് സിംഗുമായുള്ള രണ്ടാം വിവാഹത്തോടെയാണ് ശര്‍മിളയുടെ ജീവിതം മാറിമറിയുന്നത്.
ശര്‍മിളയുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ അജിത് സിംഗ് അവരെ കായികരംഗത്തേക്ക് ഇറങ്ങാന്‍ പ്രോത്സാഹിപ്പിച്ചു. 34ാം വയസ്സില്‍, കായികതാരങ്ങള്‍ വിരമിക്കുന്ന പ്രായത്തിലാണ് ശര്‍മിള പാര അത്ലറ്റിക്സിലേക്ക് ചുവടുവെക്കുന്നത്. പരിശീലകന്‍ തേക്ക് ചന്ദിന്റെ കീഴിലായിരുന്നു പരിശീലനം.
കായിക സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമ്പത്തിക പ്രതിസന്ധികള്‍ തടസ്സമായപ്പോള്‍, കുടുംബത്തിന്റെ വീട് പോലും വിറ്റാണ് ഭര്‍ത്താവ് ശര്‍മിളയുടെ പരിശീലനത്തിനുള്ള പണം കണ്ടെത്തിയത്. 2021ല്‍ പാര നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ ദേശീയ റിക്കാര്‍ഡോടെ സ്വര്‍ണ്ണം നേടിയാണ് ശര്‍മിള വരവറിയിച്ചത്. 2022 ബര്‍മിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നാലാം സ്ഥാനത്തെത്തി മെഡല്‍ തലനാരിഴയ്‌ക്ക് നഷ്ടപ്പെട്ടിരുന്നു. ഒടുവില്‍ ഗ്ലാസ്ഗോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9.81 മീറ്റര്‍ ദൂരം എറിഞ്ഞ് സ്വര്‍ണ്ണം കഴുത്തിലണിഞ്ഞപ്പോള്‍, അത് കേവലം ഒരു കായിക വിജയമായിരുന്നില്ല; മറിച്ച് പ്രതിസന്ധികളെയും പീഡനങ്ങളെയും അതിജീവിച്ച് കൊടുമുടിയിലെത്തിയ ഒരു സ്ത്രീയുടെ അതിജീവനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയായിരുന്നു.
















