നവതിയുടെ നിറവിലും കാശി മഠാധിപതി സുധീന്ദ്രതീര്‍ത്ഥ സ്വാമികളുടെ ജീവിതശൈലിയില്‍ പ്രകടമായ സവിശേഷതകളായിരുന്നു ചിട്ടയും നിഷ്ഠയും വായനയും. പൂജാദികള്‍ മുതല്‍ ശയനമുറിയിലെ പ്രവൃത്തികള്‍വരെ ചിട്ടയോടെയാണ് ഗുരു ചെയ്തുവരുന്നിരുന്നത്. ഓരോന്നിനും നല്‍കുന്ന സമയക്രമവും, സമയനിഷ്ഠയും പ്രാധാന്യമായിരുന്നു. പുരാണ പുസ്തക പാരായണം, ദിനപത്രവായന, വിഷയഗ്രഹനം തുടങ്ങി ഒട്ടേറെ ജീവിതചര്യകള്‍ സുധീന്ദ്രതീര്‍ത്ഥസ്വാമികള്‍ നവതിയിലും കൈവിടാതെ പിന്തുടരുകയായിരുന്നു.
അതിരാവിലെ അഞ്ചിന് നിദ്രയില്‍ നിന്നുണരുന്ന സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ പ്രഭാതകൃത്യങ്ങളും സ്‌നാനവും നടത്തി സന്ധ്യാവന്ദനവും പാരായണവും. ഭക്തരോട് കുശലാനേ്വഷണം. 8.30ന് പ്രഭാതഭക്ഷണം. തുടര്‍ന്ന് ദിനപത്രവായന, പ്രതിദിനം ശരാശരി പ്രാദേശികഭാഷാ പത്രങ്ങളടക്കം ആറ് പത്രങ്ങള്‍വരെ വായിക്കും. പിന്നീട് വിശ്രമം. (സന്ദര്‍ശകരുണ്ടെങ്കില്‍ വിഷയാടിസ്ഥാനത്തില്‍ മാര്‍ഗ്ഗദര്‍ശനം).11.30ന് പൂജാദികള്‍. ഉച്ചക്ക് ഒരുമണിക്ക് പ്രസാദവിതരണം, തുടര്‍ന്ന് ഭിക്ഷ (ഉച്ചഭക്ഷണം). രണ്ട് മണിമുതല്‍ സന്ദര്‍ശകരും ഭക്തരുമായി ആശയവിനിമയം (ശാരീരികസ്ഥിതി കണക്കിലെടുത്ത്), മൂന്നിന് വിശ്രമം. നാലിന് വ്യാസാശ്രമമട്ടുപ്പാവില്‍ നടത്തം. അഞ്ചിന് ചായ, വിശ്രമം. എട്ടിന് പാരായണം, 8.30ന് ഭക്തര്‍ക്ക് ഫലമന്ത്രാക്ഷതം, 9ന് രാത്രി ഭക്ഷണം, 10ന് നിദ്രയ്‌ക്കായി ശയനമുറിയില്‍.
ഭക്തരും സന്ദര്‍ശകരുമായുള്ള ചര്‍ച്ചകളില്‍ സുധീന്ദ്രതീര്‍ത്ഥ സ്വാമികള്‍ ഏറെ താല്പര്യം ധാര്‍മ്മിക-സാംസ്‌കാരിക-ആത്മീയവിഷയങ്ങളായിരുന്നു. ഭരണകൂടവും രാഷ്‌ട്രീയവും ഒഴിവാക്കുന്ന സ്വാമികള്‍ ദാരിദ്ര്യത്തില്‍പ്പെട്ട് കഷ്ടപ്പെടുന്നവരുടെ ഉയര്‍ച്ചയ്‌ക്കായി ശ്രോതാക്കളെ ഉദ്‌ബോധിപ്പിക്കുകയും ചെയ്യും. സ്‌കൂള്‍ വിദ്യാഭ്യാസം മുതല്‍ പ്രകടമായ ചിട്ടയും നിഷ്ഠയും വായനയും നവതിയിലും ആത്മീയാചാര്യന്‍ കൈവെടിഞ്ഞില്ല.
















