വാഷിങ്ടണ്‍: ഭാരതത്തിന് ഇറാനുമായി സാധാരണ രീതിയിലുള്ള വ്യാപാരകരാറിന് അവസരമൊരുങ്ങി. ഇറാന്റെ ആണവായുധ പദ്ധതിയുമായി ബന്ധപ്പെട്ട് അമേരിക്കയും യുറോപ്യന്‍ യൂണിയനും ഏര്‍പ്പെടുത്തിയ ഉപരോധം ഒഴിവാക്കിയ സാഹചര്യത്തിലാണിത്.
വ്യാപാരത്തിനായുള്ള അന്താരാഷട്ര തലത്തിലുള്ള തടസങ്ങള്‍ നീങ്ങിയതിനെത്തുടര്‍ന്ന് ഭാരതം വന്‍തോതില്‍ ക്രൂഡ് ഓയില്‍ വാങ്ങാന്‍ സംസ്ഥാന റിഫൈനറികള്‍ക്ക് അനുവാദം നല്‍കി കഴിഞ്ഞു. 6.5 ബില്യണ്‍ ഡോളറിന്റെ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളുമായുള്ള കരാറിലെ വ്യവസ്ഥകള്‍ ഇറാന്‍ പാലിച്ചെന്ന് അന്താരാഷ്‌ട്ര അറ്റോമിക് എനര്‍ജി ഏജന്‍സി സര്‍ട്ടിഫൈ ചെയ്ത സാഹചര്യത്തിലാണ് വ്യാപാര നിരോധനം അവസാനിച്ചത്. ആണവ പദ്ധതി മേഖലയില്‍ പരിശോധന നടത്തുവാന്‍ നേരത്തെ ഇറാന്‍ അറ്റോമിക എനര്‍ജി ഏജന്‍സിക്ക് അനുമതി നല്‍കിയിരുന്നു.
















