ന്യൂദല്‍ഹി: ഭാരത-പാക് അതിര്‍ത്തിയില്‍ സുരക്ഷാവേലിയില്ലാത്ത 40 ഇടങ്ങളില്‍ ലേസര്‍മതിലുകള്‍ നിര്‍മ്മിച്ചു തുടങ്ങി. പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ലേസര്‍ രശ്മികളുപയോഗിച്ച് ഭീകരര്‍ അതിര്‍ത്തിലംഘിക്കുന്നതു തിരിച്ചറിയാന്‍ കേന്ദ്രആഭ്യന്തരമന്ത്രാലയം നടപടികള്‍ സ്വീകരിച്ചത്.
പഞ്ചാബ് അതിര്‍ത്തിയിലെ 40 മേഖലകളാണ് സുരക്ഷാവേലിയില്ലാത്ത നിലയിലുള്ളത്. ഇതുവഴിയാണ് ഗുരുദാസ്പൂര്‍ ഭീകരാക്രമണം, പത്താന്‍കോട്ട് ഭീകരാക്രമണം എന്നിവയ്‌ക്കായി അതിര്‍ത്തി കടന്ന് ഭീകരസംഘങ്ങളെത്തിയത്. പാക്-പഞ്ചാബ് ലഹരി മാഫിയയുടെ സ്വാധീനത്തിലുള്ള പ്രദേശത്ത് അതിര്‍ത്തി കടക്കുന്നതിന് നിരവധി മാര്‍ഗ്ഗങ്ങളാണുള്ളതെന്ന് ബിഎസ്എഫ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് കൈമാറിയ വിശദ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഇതേ തുടര്‍ന്നാണ് ഭീകരരോ മറ്റ് സംഘങ്ങളോ അതിര്‍ത്തി മറികടന്നാല്‍ വേഗത്തില്‍ തിരിച്ചറിയാന്‍ ലേസര്‍ രശ്മികളുപയോഗിച്ച് സുരക്ഷാമതില്‍ നിര്‍മ്മിക്കുന്നത്. ലേസര്‍ രശ്മികള്‍ മറികടന്നാല്‍ സുരക്ഷാ സേനയ്‌ക്ക് വിവരം വേഗത്തില്‍ ലഭിക്കുന്ന രീതിയിലാണ് ഇവ തയ്യാറാക്കുന്നത്. പഞ്ചാബ് അതിര്‍ത്തിയിലെ നാല്‍പ്പത് സ്ഥലങ്ങളില്‍ ഇനി അഞ്ചിടത്തു മാത്രമാണ് ലേസര്‍ മതിലുകള്‍ നിര്‍മ്മിക്കാന്‍ ബാക്കിയുള്ളത്.
പഞ്ചാബ് ബമിയാലിലെ ഉജ്ജ് നദിയിലൂടെയാണ് ഭീകരര്‍ പത്താന്‍കോട്ട് ആക്രമണത്തിനെത്തിയതെന്ന് തിരിച്ചറിഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് നദിയിലും ലേസര്‍ മതില്‍ സ്ഥാപിക്കുന്നുണ്ട്. നദിയില്‍ നേരത്തെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതു മറികടന്നാണ് ഭീകരര്‍ എത്തിയത്. ബമിയാല്‍ നദീതീരത്ത് കൂടുതല്‍ സൈനിക പോസ്റ്റുകളും ഹൈമാസ് ലൈറ്റുകളും സ്ഥാപിച്ചിട്ടുമുണ്ട്. ഇതു കൂടാതെ ഇവിടെ ബോട്ട് പെട്രോളിംഗും ബിഎസ്എഫ് ആരംഭിച്ചിട്ടുണ്ട്.
















