ന്യൂദല്‍ഹി: പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ പ്ലാസ്റ്റിക് കാരിബാഗുകള്‍ ഉപയോഗിക്കുന്നതിന് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിരോധനമേര്‍പ്പെടുത്തി. എന്‍.ഡി.ടി ചെയര്‍പേഴ്‌സണായ ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍ അധ്യക്ഷനായ ബഞ്ചാണ് രണ്ടു സംസ്ഥാനങ്ങളിലും പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ ഇരുസംസ്ഥാനങ്ങളിലും പൂര്‍ണമായ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. പഞ്ച്കുളം, മൊഹാലി, സിരക്പുര്‍, മുല്ലന്‍പുര്‍, ദേരാബാസി, ന്യൂ ചണ്ഡിഗഡ്, പിന്‍ജോര്‍ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തില്‍ നിരോധനം.
പരിസരമലിനീകരണത്തില്‍ നിന്നും ശോഷണത്തില്‍ നിന്നും പരിസ്ഥിതിയെ സംരക്ഷിക്കുക, പ്ലാസ്റ്റിക് മൂലം അഴുക്കുചാലുകളില്‍ ഉണ്ടാകുന്ന തടസ്സം ഒഴിവാക്കുക, മാനുഷിക ആരോഗ്യം കാത്തുസൂക്ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത് എന്ന് സ്വതന്തര്‍ കുമാര്‍ അറിയിച്ചു.
















