കണ്ണൂര്‍: നിര്‍ധരായ രോഗികളുടെ ചികിത്സാ ചെലവു കണ്ടെത്താനായി എസ്.എസ്. ഷിനു വീണ്ടുമൊരു മാരത്തോണ്‍ ഓട്ടത്തിന് തയാറെടുക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍േേകാാഡ് ജില്ലകളിലെ നിര്‍ധന രോഗികള്‍ക്കുള്ള ചികിത്സാ ധനശേഖരണാര്‍ഥമാണ് ഇക്കുറി ഓട്ടം. കണ്ണൂര്‍ ജില്ലയിലെ ഓട്ടം 19 ന് രാവിലെ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് ആരംഭിക്കും. വയനാട്, കോഴിക്കോട് ജില്ലകളിലെ മാരത്തോണ്‍ ഓട്ടം ഇതിനകം പൂര്‍ത്തിയാക്കി. ഡിസംബര്‍ 28ന് കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി പി.കെ.ജയലക്ഷ്മിയായിരുന്നു ഉദ്ഘാടനം ചെയ്തത്. വയനാട്ടില്‍ 11 നിര്‍ധന കുടുംബങ്ങള്‍ക്ക് തന്റെ മാരത്തോണ്‍ ഓട്ടത്തിലൂടെ സമാഹരിച്ച തുക ഷിനു കൈമാറി. കണ്ണൂര്‍ ജില്ലയിലെ ഉള്‍നാടന്‍ ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള മാരത്തോണ്‍ 19ന് രാവിലെ കണ്ണൂരില്‍ നിന്നാരംഭിക്കും. ഇതിനകം കണ്ണൂര്‍, കാസര്‍കോട്, വയനാട്, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 365 അപേക്ഷകളാണ് ഷിനുവിന് ലഭിച്ചത്. മാരത്തോണിലൂടെ ശേഖരിക്കുന്ന തുക പരമാവധി ആളുകള്‍ക്കു നല്‍കും. ജീവന്‍രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷനും മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്‍മയും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പ് പെരുമ്പാവൂര്‍ സ്വദേശിയായ അക്ഷയ് എന്ന ബാലന് 1,40,000 രൂപ ആദ്യ മാരത്തോണിലൂടെ സമാഹരിച്ചു നല്‍കിയാണ് ഷിനു തന്റേതായ സഹായപദ്ധതിക്കു തുടക്കമിട്ടത്. പിന്നീട് തിരുവനന്തപുരം സ്വദേശിനിയായ സുമം, രാജേഷ് എന്നിവര്‍ക്കും സഹായമെത്തിച്ചു. കാസര്‍കോട് നിന്നും തിരുവനന്തപുരം മാരത്തോണ്‍ ഓട്ടം നടത്തിയ ഷിനു ഇതിനകം 7600 ലേറെ കിലോമീറ്റര്‍ ഓടി 152 നിര്‍ധന രോഗികള്‍ക്കായി 40 ലക്ഷത്തിലധികം രൂപ സമാഹരിച്ചു നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം പരുത്തിപ്പാറയില്‍ പച്ചക്കറി വ്യാപാരം നടത്തുന്ന ഷിനു കടയുടെ ചുമതല തത്കാലം മറ്റൊരാള്‍ക്കു നല്‍കിയാണ് നിര്‍ധനരെ സഹായിക്കാന്‍ മരത്തോണ്‍ ഓട്ടം നടത്തുന്നത്. കണ്ണൂരിലെ മരത്തോണിനു വേണ്ട എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി സംഘാടകരായ കട്ടക്കുളം രാമചന്ദ്രന്‍, കെ.ദാസ്, മാധവന്‍കുന്നത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
















