പയ്യന്നൂര്‍: ലാഭേച്ഛയില്ലാതെ സ്നേഹം പോലും നല്കാന് മടിക്കുന്നവരുള്ള ഒരു കാലത്ത് മനുഷ്യസ്നേഹത്തിന്റെ യവനകഥക്ക് നൃത്തഭാഷ്യം തീര്‍ക്കുകയാണ് കലാക്ഷേത്ര വിദ്യാലക്ഷ്മിയും ശിഷ്യരും. സ്വര്‍ഗത്തില്‍ നിന്നും അഗ്നി മോഷ്ടിച്ച് മനുഷ്യനു നല്കിയ പ്രൊമിത്യൂസിന്റെ കഥക്ക് പുതിയ കാലത്തുണ്ടാകുന്ന പ്രസക്തിയുടെ അടയാളപ്പെടുത്തലാണ് പ്രൊമിത്യൂസ്-മനുഷ്യ സ്നേഹത്തിന്റെ കാവലാള്‍ എന്ന നൃത്താവിഷ്കാരം. യവനപുരാണത്തിലെ കഥയില്‍ അഥീനാദേവിയുടെ കല്പനപ്രകാരം ഭൂമിയില്‍ മനുഷ്യനെ സൃഷ്ടിക്കുകയാണ് പ്രൊമിത്യൂസ്. അങ്ങനെ യവനരുടെ പിതാവായി പ്രൊമിത്യുസും മാതാവായി അഥീനാദേവിയും മാറി. സ്വര്‍ഗത്തില്‍ നിന്നും അഗ്നി കൊണ്ടുവന്ന് മനുഷ്യനു നല്കിയ പ്രൊമിത്യുസ് മറ്റു ദേവന്മാരുടെ അസൂയക്കു പാത്രമായി. മനുഷ്യസമൂഹത്തെ തകര്‍ക്കാന്‍ അവര്‍ പല ശ്രമങ്ങളും നടത്തി. ബലിമൃഗത്തിന്റെ മാംസമാണോ അസ്ഥിയാണോ ദേവന്മാര്ക്കു ലഭിക്കുക എന്ന തര്‍ക്കത്തിനു പ്രൊമിത്യൂസ് പരിഹാരം കണ്ടത് ഇങ്ങനെയായിരുന്നു: അസ്ഥി ദേവന്മാര്ക്കും മാംസം മനുഷ്യര്‍ക്കും. എന്നാല്‍ ഇതില്‍ കുപിതനായ സിയൂസ് ദേവന് ഭൂമിയില്‍ അഗ്നി നിഷേധിച്ചു. ഭൂമിയിലേക്ക് സ്വര്‍ഗത്തില്‍ നിന്നും അഗ്നി മോഷ്ടിച്ചു നല്കിയ പ്രൊമിത്യൂസ് ഒരു പാറക്കെട്ടില്‍ ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടു. സിയൂസ് ദേവന്റെ ശിക്ഷാവിധി പ്രകാരം എല്ലാ ദിവസവും ഒരു കഴുകന് വന്ന് അദ്ദേഹത്തിന്റെ കരള്‍ കൊത്തിപ്പറിച്ചു. തങ്ങളുടെ ജീവനുവേണ്ടി സ്വയം ബലിയായ യവനപിതാവിന്റെ മോചനത്തിനായി മനുഷ്യര്‍ പ്രാര്‍ത്ഥിച്ചു എന്നതാണ് പ്രൊമിത്യൂസിന്റെ കഥ. സ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും ത്യാഗത്തിന്റെയും കഥക്ക് മികച്ച രംഗഭാഷ്യമേകി പ്രേക്ഷകരെ ചിന്തിപ്പിക്കുകയാണ് ഭരതനാട്യത്തിന്റെ അടിസ്ഥാനശൈലിയില് മെനഞ്ഞെടുത്ത ഈ നൃത്താവിഷ്കാരത്തിലൂടെ കലാക്ഷേത്ര വിദ്യാലക്ഷ്മിയും ശിഷ്യരും ചെയ്യുന്നത്. ഭരതനാട്യ ചലനങ്ങള്‍ക്കൊപ്പം നാടകീയതയും ചേരുന്ന നവ്യാനുഭവമാണ് നൃത്തശില്പം സമ്മാനിക്കുന്നത്. മനുഷ്യര്‍, പക്ഷികള്‍, സൂര്യദേവന് തുടങ്ങിയ കഥാപാത്രങ്ങള്‍ വേദിയിലെത്തുന്നുണ്ട്. ചില മാനുഷിക ചലനങ്ങള്‍ക്ക് നാടോടി നൃത്തത്തിന്റെ അംശം ചേര്‍ത്തും സിയൂസ്, സൂര്യദേവന്, അഥീനാദേവി തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് യവനശൈലി പകര്‍ന്നും ഭരതനാട്യ ശൈലിയില്‍ രംഗത്തെത്തിക്കുകയാണ് ചെയ്യുന്നത്. സൂര്യദേവനില്‍ നിന്നും പ്രൊമിത്യൂസ് അഗ്നി മോഷ്ടിക്കുന്ന രംഗം അവതരിപ്പിക്കുമ്പോള്‍ യഥാര്‍ത്ഥ അഗ്നി തന്നെയാണ് വേദിയില്‍ ഉപയോഗിക്കുന്നത്. സിയൂസ് ദേവനും സൂര്യദേവനും പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്ന രീതിയിലാണ് വേദിയിലെത്തുന്നത്. കൈയിലെ ദണ്ഡും മേലങ്കിയുമാണ് സൂര്യദേവനെ അടയാളപ്പെടുത്തുന്നത്. വിദ്യാലക്ഷ്മി തന്നെയാണ് പ്രൊമിത്യൂസായി രംഗത്തെത്തുന്നത്. ഒപ്പം പന്ത്രണ്ടോളം കലാകാരികള്‍ അണിനിരക്കുന്നുണ്ട്. വിദ്യാലക്ഷ്മി തന്നെ രചനയും നൃത്തസംവിധാനവും നിര്‍വ്വഹിച്ച നൃത്തശില്പത്തിന് സംഗീതം പകര്‍ന്നത് കാഞ്ഞങ്ങാട് രാമചന്ദ്രനാണ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള നൃത്തശില്പം പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കിലാണ് ആദ്യമായി അരങ്ങേറിയത്. അജ്ഞതയുടെ അന്ധകാരം തുടച്ചുനീക്കി പ്രൊമിത്യൂസ് പകര്‍ന്ന അറിവിന്റെ വെളിച്ചം തലമുറകളോളം പ്രകാശിച്ചുകൊണ്ടേയിരിക്കുമെന്ന പ്രതീക്ഷയിലാണ് തിരശ്ശീല താഴുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: