പയ്യന്നൂര്‍: പയ്യന്നൂരില്‍ സിഐയുടെയും എസ്‌ഐയുടെയും ക്വാര്‍ട്ടേസുകള്‍ക്ക് നേരെ ഇന്നലെ പുലര്‍ച്ചെ ബോംബെറിഞ്ഞ സിപിഎം ഭീകരത നാട്ടിലെ നിയമ വാഴ്ചയെപ്പോലും തകര്‍ക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും ഈ അക്രമത്തിനെതിരെ രംഗത്തുവരണമെന്നും ബിജെപി പയ്യന്നൂര്‍ മണ്ഡലം പ്രസിഡണ്ട് എ.പി.രവീന്ദ്രനും ജനറല്‍ സെക്രട്ടറി സി.കെ.രമേശന്‍ മാസ്റ്ററും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പയ്യന്നൂരില്‍ ഇതര രാഷ്‌ട്രീയ പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരെയും പ്രവര്‍ത്തകന്മാരെയും കൊലചെയ്യുകയും നിരന്തരം ആക്രമിക്കുകയും ചെയ്യുന്ന സിപിഎം കുറച്ചു മാസങ്ങളായി പയ്യന്നൂരില്‍ പോലീസിനെതിരെ തിരിഞ്ഞിരിക്കുകയാണ്. സി ഐ യുടെ വീട്ടില്‍ റീത്ത് വെക്കുകയും ഫോണില്‍ കൂടി ഭീഷണിപ്പെടുത്തുകയും എസ് ഐ യെ നടു റോഡില്‍ തടഞ്ഞു നിര്‍ത്തി ചീത്ത വിളിക്കുകയും ചെയ്തവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെമുന്നില്‍ കൊണ്ടുവരാന്‍ അധികാരികള്‍ തയാറാകാതിരുന്നതിന്റെ ഭാഗമാണ് ഇപ്പോള്‍ ബോംബെറിയാന്‍ കാരണമായത്.
നിയമ വാഴ്ച തകര്‍ത്ത് നാട്ടില്‍ അരാജകത്വം സൃഷ്ടിക്കുവാനുള്ള സിപിഎം ശ്രമം അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
















