പേരാവൂര്‍: വിഷരഹിത പച്ചക്കറി ഉല്പാദനത്തിലേക്ക് പൊതുജനങ്ങളെ ആകര്‍ഷിക്കാനായി മുഴക്കുന്ന് പഞ്ചായത്തിന്റെയും കൃഷിവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഹരിതഗ്രാമം പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറിത്തോട്ടം നിര്‍മ്മിച്ച് ജൈവ പച്ചക്കറി കൃഷി പ്രോല്‍സാഹിപ്പിക്കുകയും അതുവഴി പച്ചക്കറി ഉല്പാദനത്തില് സ്വയംപര്യാപ്തത നേടുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ കുടുംബശ്രീ യൂണിറ്റുകളിലെയും പ്രവര്‍ത്തകര്‍ അതാത് പ്രദേശങ്ങളില്‍ കൃഷിക്കായി സ്ഥലം കണ്ടെത്തുകയും കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു ജോസഫ് അറിയിച്ചു. ആകെ 70000 പച്ചക്കറി തൈകള്‍ വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. വഴുതന, വെണ്ട, ചീര, തക്കാളി തുടങ്ങി പത്തിനം പച്ചക്കറി തൈകളാണ് വിതരണത്തിനായി ഒരുക്കിയിരിക്കുന്നത്. തീര്‍ത്തും ജൈവവളം മാത്രം ഉപയോഗിച്ച് കൃഷിചെയ്യുന്ന പച്ചക്കറികള്‍ വിഷുവിന് വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൈവ പച്ചക്കറികളുടെ വിപണനത്തിനായി മുഴക്കുന്ന് ടൗണില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രത്യേക ആഴ്ച ചന്ത തുടങ്ങാനും പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: