അടിമാലി: തെക്കിന്റെ കാശ്മീരെന്ന ഓമന പേരില്‍ അറിയപ്പെടുന്ന മൂന്നാറിലേക്ക് സന്ദര്‍ശക പ്രവാഹം. മകരമാസ കുളിരില്‍ മൈനസ് ഡിഗ്രിവരെ എത്തി നില്‍ക്കുന്ന ശൈത്യകാലത്തിന്റെ അനുഭൂതിയും മൊട്ടക്കുന്നുകളും, തേയില തോട്ടങ്ങളും, പുല്‍മേടുകളുമൊക്കെയായി വശ്യമനോഹര കാഴ്‌ച്ചകള്‍കൊണ്ട് പ്രകൃതി അനുഗ്രഹീതമാക്കിയ മൂന്നാര്‍ വിനോദയാത്രക്കാര്‍ക്കായി വിരുന്നൊരുക്കി കാത്തിരിക്കുകയാണ്. മൂന്നാറിനെ സുന്ദരിയാക്കി നിര്‍ത്തുന്നതില്‍ തേയില തോട്ടങ്ങളും, പേരുകൊണ്ട് തന്നെ അന്വര്‍ത്ഥമാക്കുന്ന ആറുകളും നീര്‍ച്ചാലുകളും , പുല്‍മേടുകളും മൊട്ടകുന്നുകളുമെല്ലാം മുഖ്യപങ്ക് വഹിക്കുന്നു. കടല്‍ നിരപ്പില്‍ നിന്നും 3000 ത്തോളം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മൂന്നാറും സമീപ പ്രദേശങ്ങളും വിനോദ സഞ്ചാരികളുടെ വിസ്മയമാകുന്നു. പശ്ചിമഘട്ട മലനിരകള്‍ അതിരിടുന്ന മേഖല ജൈവവൈവിധ്യങ്ങളുടെ കലവറകൂടിയാണ്. നൂറ്റാണ്ടുകള്‍ നീളുന്ന മൂന്നാറിന്റെ ചരിത്രം വിനോദ സഞ്ചാരികള്‍ക്ക് കൗതുകമാകും. എക്കാലവും മൂന്നാര്‍ തേയിലക്കുള്ള സ്ഥാനം മുന്‍നിരയില്‍ തന്നെയാണ്. നിത്യോപയോഗ സാധനങ്ങളും തേയില ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങളുടെയും വിനിമയം നടത്തിയിരുന്നത് ഒരുപക്ഷെ കേരളത്തില്‍ ആദ്യമായി മൂന്നാറിലെ റോപ് വേ സംവിധാനം വഴിയായിരുന്നു. ഇപ്പോള്‍ ടോപ്പ് സ്റ്റേഷന്‍ എന്നറിയപ്പെടുന്ന വട്ടവട മേഖലയിലായിരുന്നു പ്രധാന സ്റ്റേഷന്‍ സംവിധാനം പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിലെ ആദ്യത്തെ അണക്കെട്ട് മാട്ടുപ്പെട്ടി, കന്നുകാലി സംരക്ഷണത്തിനും മറ്റുമായി സര്‍ക്കാരിന്റെ വക ഇന്‍ഡോ-സ്വിസ് പ്രൊജക്ട്, ദേവികുളത്തിന് സമീപം ശ്രീരാമനും സീതയും കാനനവാസത്തിനിടയ്‌ക്ക് സീതാ ദേവി നീരാടിയെന്നു കരുതുന്ന ദേവികുളവും, ലോകത്തില്‍ തന്നെ അപൂര്‍വ്വമായി മാത്രം കാണുന്ന വംശനാശത്തിന്റെ പിടിയില്‍പ്പെട്ട വരയാടുകള്‍ മേയുന്ന ഇരവികുളവും, കരിവീരന്‍മാരുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ മേയുന്ന കുറ്റിക്കാടുകള്‍ നിറഞ്ഞ വന്യമായ ചിന്നാറും ആനമുടിയും, നാവില്‍ വെള്ളമൂറുന്ന മറയൂരിന്റെ സ്വന്തം ശര്‍ക്കരപാടങ്ങളുമൊക്കെയായി ആസ്വദകര്‍ക്ക് വൈവിധ്യങ്ങളുടെ നിറകാഴ്‌ച്ചകളുമായാണ് മൂന്നാര്‍ മേഖല ആതിഥ്യമരുളുന്നത്. ഇതിനൊക്കെ പുറമേ സര്‍ക്കാര്‍ മൂന്നാറിന് വേണ്ടി നൂതന പദ്ധതിയായ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ എന്ന സ്വപ്നം ഉടന്‍ പൂവണിയും. ത്വരിത വികസനത്തിന്റെ ഭാഗമായി നാലരക്കോടി മുടക്കില്‍ ഉദ്യാന നിര്‍മ്മാണം ഉടന്‍ ആരംഭിക്കും.
















