തൊടുപുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന നിഷാദിന്റെ വിയോഗം നാട്ടുകാരെയും സുഹൃത്തുക്കളെയും കണ്ണീരിലാഴ്‌ത്തി. നാട്ടുകാരും സുഹൃത്തുക്കളും നിഷാദിന്റെ ചികിത്സയ്‌ക്കായി ധനസമാഹരണം നടത്തിവരികയായിരുന്നു. ഇതെല്ലാം നിഷ്ഫലമാക്കിയാണ് യുവാവ് മരണത്തിലേക്ക് യാത്രയായത്. കഴിഞ്ഞമാസം ഉണ്ടായ ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്‌ച്ച അര്‍ദ്ധരാത്രിയോടെയാണ് മരണം. സുഹൃത്തുക്കള്‍ക്കൊപ്പം മുട്ടത്തിന് പോയി മടങ്ങിവരുന്ന വഴി രാത്രി മാരിക്കലുങ്കില്‍വെച്ചാണ് ബൈക്ക് അപകടത്തില്‍ പെട്ടത്. ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് അവിടെ നിന്നും കോലഞ്ചേരിയിലേക്ക് മാറ്റിയിരുന്നു. കോലഞ്ചേരിയിലേക്കുള്ള യാത്രാമദ്ധ്യേ സ്വകാര്യ ആംബുലന്‍സിന്റെ ടയര്‍പ്പൊട്ടി നിഷാദിന്റെ സുഹൃത്തുക്കള്‍ക്ക് അടക്കം 6 ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. നിഷാദിന്റെ ചികിത്സയ്‌ക്കായി ഒരു നാട് ഒന്നടങ്കം ഒരുമിച്ചിരുന്നു. നിരവധിപേര്‍ സഹായഹസ്തവുമായി എത്തി. തുടര്‍ന്നാണ് വിദഗ്ധ ചികിത്സയ്‌ക്കായി എറണാകുളത്തേക്ക് മാറ്റിയത്. യൂത്ത്‌ലീഗ് പട്ടയംകവല വാര്‍ഡ് സെക്രട്ടറിയായിരുന്നു നിഷാദ്. വൈകിട്ട് 3 മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി തൊടുപുഴ പോലീസ് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനടക്കം വന്‍ ജനാവലിയാണ് സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത്.
















