കൊച്ചി: അക്ഷയശ്രീ സ്വയംസഹായസംഘം രൂപീകരിച്ച് തട്ടിപ്പ് നടത്തിയ കേരള എന്‍ആര്‍ഐ ട്രസ്റ്റ് ഉടമ അറസ്റ്റില്‍. ആലപ്പുഴ കാവാലം നടുവിലപ്പറമ്പില്‍ കൈലാസ് റാവുവാണ് (39) അറസ്റ്റിലായത്. കതൃക്കടവില്‍ ഫഌറ്റ് വാടകക്ക് എടുത്ത് കൊച്ചി കേന്ദ്രീകരിച്ചാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. മൂന്നരലക്ഷം രൂപയോളം തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. തട്ടിപ്പിനിരയായ കാഞ്ഞിരപ്പിള്ളി സ്വദേശിനി മിനി ജോസഫ് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. പൊതുസ്ഥാപനത്തിലെ പണാപഹരണം, വഞ്ചനാ കുറ്റം ചുമത്തിയിട്ടുണ്ട്.
അക്ഷയശ്രീ സ്വയംസഹായ സംഘത്തിന്റെ 12 പേര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് മാസം 100 രൂപ വീതം സ്വരൂപിച്ച് ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു. ഇത്തരം 250 ല്‍പരം ഗ്രൂപ്പുകളാണ് രൂപവല്‍ക്കരിക്കപ്പെട്ടത്. ഓരോ ഗ്രൂപ്പിനും ഓരോ ലീഡറെയും നിശ്ചയിച്ചിരുന്നു. എആര്‍ഐ ട്രസ്റ്റിന്റെ കീഴിലാണ് അക്ഷയ്രശ്രീ സഹായസംഘം പ്രവര്‍ത്തിച്ചിരുന്നത്. സ്ത്രീകളെയാണ് പ്രൊജക്ട് മാനേജര്‍മാരായും ഗ്രൂപ്പ് ലീഡര്‍മാരായും നിയമിച്ചത്.
പണസമാഹരണം, ആവശ്യമുള്ളവര്‍ക്ക് വായ്‌പ എന്നീ പദ്ധതികളും വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരിയായ മിനി ജോസ് വായ്‌പക്ക് അപേക്ഷിച്ചപ്പോള്‍ പണം ലഭിച്ചില്ല. പ്രൊജക്ട് ഓഫീസറായ ഇവര്‍ ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ മൂന്നരലക്ഷം രൂപ കൈലാസ്‌റാവുവിന്റെ അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തി. ഇതോടെ തട്ടിപ്പ് മനസിലാക്കിയ മിനി ജോസ് കോടതിയെ സമീപിക്കുകയായിരുന്നു.
ജനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ വേണ്ടി മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങി പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് അക്ഷയശ്രീയുടെ പേരില്‍ നിരവധി സെമിനാറുകളും പൊതുപരിപാടികളും സംഘടിപ്പിച്ചിരുന്നു. തേവര പോലീസാണ് കേസ് അന്വേഷിക്കുന്നത്.
















