ന്യൂദല്‍ഹി/ഇസ്ലമാബാദ്: പത്താന്‍കോട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ജയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസര്‍ ഉള്‍പ്പെടെ നിരവധി ഭീകരര്‍ പാക്കിസ്ഥാനില്‍ പിടിയില്‍. പാക് സര്‍ക്കാര്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് ഇസ്ലമാബാദില്‍ നിന്നും ജെയ്‌ഷെ മുഹമ്മദ് നേതാക്കളെ പിടികൂടിയത്. ഭാരതം നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭീകരസംഘടനകള്‍ക്കെതിരെ അതിശക്തമായ നടപടികളാണ് പാക് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പാക് പ്രധാനമന്ത്രിയുടെ അധ്യക്ഷതിയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരമാണ് പാക് നടപടി.
ഭാരത-പാക് വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ചയുടെ കാര്യത്തില്‍ ഇന്ന് നിര്‍ണ്ണായക തീരുമാനം വരും.
അതിനിടെ മൗലാന മസൂദ് അസറിനെ പാക് അന്വേഷണ സംഘം 48 മണിക്കൂറിലേറെ ചോദ്യം ചെയ്തു. അസറിനൊപ്പം ജെയ്‌ഷെ മുഹമ്മദിന്റെ നാലു പ്രധാന നേതാക്കളും പിടിയിലായിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് നേതാക്കളെ പിടികൂടിയെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഇന്നലെ പ്രസ്താവന ഇറക്കി. ജെയ്‌ഷെ മുഹമ്മദിന്റെ ഓഫീസുകളെല്ലാം പൂട്ടി സീല്‍ ചെയ്തിട്ടുണ്ട്.
പാക്കിസ്ഥാന്റെ അധീനതയിലുള്ള പഞ്ചാബ് പ്രവിശ്യയിലെ ഭവല്‍പൂരിലെ മസൂര്‍ അസറിന്റെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് ലഭിക്കുന്ന വിവരം. പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടുമായി സഞ്ചരിക്കുന്നതിനിടെ 1994ല്‍ ജമ്മുകശ്മീരില്‍ പിടിയിലായ മസൂദ് അസറിനെ 1999ല്‍ ഖാണ്ഡഹാര്‍ വിമാന റാഞ്ചലിനെ തുടര്‍ന്ന് മോചിപ്പിച്ചിരുന്നു. ഇതിനു ശേഷം മസൂദ് അസറിന്റെ നേതൃത്വത്തിലാണ് പാക് അധീന കശ്മീര്‍ കേന്ദ്രീകരിച്ച് ഭാരതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നത്.
പത്താന്‍കോട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഭാരത സര്‍ക്കാര്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ജയ്‌ഷെ മുഹമ്മദിനെതിരായ പാക് നടപടി. കൂടുതല്‍ അന്വേഷണത്തിന്റെ ഭാഗമായി പാക് അന്വേഷണ സംഘം പത്താന്‍കോട് സന്ദര്‍ശിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. ഭാരതത്തില്‍ മുമ്പു നടന്നിട്ടുള്ള ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന് കൈമാറിയ തെളിവുകളെല്ലാം പാക് സര്‍ക്കാര്‍ നിരാകരിച്ചിരുന്നു. എന്നാല്‍ പതിവിനു വിപരീതമായി പത്താന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ട് ഭാരത സര്‍ക്കാര്‍ ശേഖരിച്ച തെളിവുകളെല്ലാം പാക്കിസ്ഥാന്‍ അംഗീകരിച്ചിരിക്കുകയാണ്.
















