കണ്ണൂര്‍: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം നല്കാന് പദ്ധതി ഏര്പ്പെടുത്തണമെന്നാവശ്യപ്പെട്ടുളള പരാതിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറിക്കും ആഭ്യന്തര-നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്കും മനുഷ്യാവകാശ കമ്മീഷന് നോട്ടീസ് അയക്കും. തെക്കീ ബസാര്‍ സ്വദേശി എ പി മൊയ്തു നല്കിയ പരാതിയിലാണ് കമ്മീഷന് അംഗം കെ.മോഹന്‍ കുമാറിന്റെ നടപടി.
ജയിലുകളില്‍ നിയമ പുസ്തകങ്ങളുടെ മലയാള പരിഭാഷ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അന്തേവാസി നല്കിയ പരാതിയില്‍ ജയില്‍ ഡിജിപിയുടെ റിപ്പോര്‍ട്ട് തേടി. ചളിപറമ്പ് കോളനി നിവാസികളായ 43 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കിയതായി ജില്ലാ കലക്ടര്‍ കമ്മീഷനെ അറിയിച്ചു. കോളനിയിലെ കുടിവെളള ക്ഷാമം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചതായും അറിയിച്ചു. പട്ടയം അനുവദിക്കുന്നില്ലെന്ന കോളനി നിവാസികളുടെ പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ കമ്മീഷന് റിപ്പോര്‍ട്ട് നല്‍കിയത്.
കണ്ണൂര്‍ മുനിസിപ്പല്‍ ഷോപ്പിങ്ങ് കോംപ്ലക്സില്‍ 3 മാസത്തിനകം ശുചിമുറി നിര്‍മിക്കുമെന്ന് കോര്പ്പറേഷന് സെക്രട്ടറി അറിയിച്ചു. ഹയര്‍ സെക്കണ്ടറി പരീക്ഷാ മൂല്യനിര്‍ണയത്തില്‍ അപാകതയുളളതായി കണ്ണൂര്‍ സ്വദേശി നല്കിയ പരാതിയില്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറോട് വിശദീകരണം തേടി.
കളളക്കേസുകളുണ്ടാക്കാന് ഡോക്ടര്‍മാര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതായി കാണിച്ച് കമ്മീഷന് മുമ്പാകെ വെളേളാറ സ്വദേശി പരാതി സമര്‍പ്പിച്ചു. ഇക്കാര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് ജില്ലാ മെഡിക്കല്‍ ഓഫീസറോട് കമ്മീഷന് ആവശ്യപ്പെട്ടു.
ഒരു സഹകരണബാങ്കില്‍ പണയം വെച്ച സ്വര്‍ണം നഷ്ടപ്പെട്ടതായും ബാങ്ക് അധികൃതര്‍ തിരിമറി നടത്തിയതായുമുളള പരാതിയില്‍ സഹകരണ വകുപ്പ് രജിസ്ട്രാര്‍, എസ് പി എന്നിവരോട് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. തളിപ്പറമ്പ് സ്വദേശിയാണ് പരാതി നല്‍കിയത്. ബുദ്ധിമാന്ദ്യമുളള മകന് പെന്ഷന് നിഷേധിച്ചുവെന്ന പരാതിയില്‍ മയ്യില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരോട് റിപ്പോര്‍ട്ട് തേടി. 73 പരാതികളാണ് കമ്മീഷന് സിറ്റിങ്ങില്‍ പരിഗണിച്ചത്. 14 പരാതി തീര്‍പ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: