കണ്ണൂര്‍: 5 വര്‍ഷമായി ജൈവകൃഷിയിലൂടെ വിജയഗാഥ രചിക്കുന്ന പിണറായിയിലെ യുവകര്ഷകന് മഹേഷിന് പുരസ്കാരത്തിളക്കം. മികച്ച യുവകര്‍ഷകനുള്ള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദ പുരസ്കാരമാണ് മഹേഷിനെ തേടിയെത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
പത്താം തരവും ഐ.ടി.ഐ പഠനവും കഴിഞ്ഞ ഈ മുപ്പത്തഞ്ചുകാരന് പഠനകാലത്തുതന്നെ കൃഷിയില്‍ അതീവ തല്പരനായിരുന്നു. പഠനം കഴിഞ്ഞ് മറ്റു ജോലികള്‍ ചെയ്യുമ്പോഴും മനസ്സ് കൃഷിയില്‍ നിന്ന് അകന്നില്ല. പിന്നീടാണ് മുഴുവന്‍സമയ കൃഷിയിലേക്ക് തിരിഞ്ഞത്. സ്വന്തമായുള്ള 7 സെന്റ് ഭൂമിക്കു പുറമേ മറ്റുള്ളവരുടെ സ്ഥലവും ചേര്‍ത്ത് ഒരേക്കറോളം സ്ഥലത്ത് ഇപ്പോള്‍ കൃഷിയുണ്ട്. ചീര, പയര്‍, പച്ചമുളക്, വെണ്ട, വെള്ളരി, വഴുതിന, കക്കിരി, പാവല്‍, പടവലം എന്നിങ്ങനെ മിക്ക പച്ചക്കറികളും കൃഷിചെയ്യുന്നുണ്ട്.
കിടാരികളടക്കം പത്ത് പശുക്കളും ആടും കോഴിയും താറാവും കാടയും വീട്ടിലുണ്ട്. പുലര്‍ച്ചെ നാലുമണിക്ക് എഴുന്നേറ്റാണ് ഇവയുടെ പരിപാലനം. അധ്വാനം വൈകിട്ടു വരെ നീളും. കഴിഞ്ഞ വര്‍ഷം പരീക്ഷണാര്‍ത്ഥം 5000 താറാവുകുഞ്ഞുങ്ങളെ വളര്‍ത്തിയിരുന്നു. മണ്ണിന്റെ സ്വാഭാവികത നശിക്കാത്തവിധം ചാണകവും ആടുകളുടെയും കോഴികളുടെയും കാഷ്ഠവുമൊക്കെയാണ് വളമായി ഉപയോഗിക്കുന്നത്. രാസവളങ്ങളില്ലാതെ തന്നെ നല്ല വിളവ് ലഭിക്കാറുണ്ട്. ഉല്പന്നങ്ങള് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ചന്തകളിലും എ ഗ്രേഡ് ക്ലസ്റ്റര്‍ പദ്ധതിയുടെ ഭാഗമായുള്ള വിതരണ കേന്ദ്രത്തിലുമാണ് വില്പന നടത്തുന്നത്. ഉല്പന്നങ്ങള്ക്ക് ന്യായവില ലഭിക്കുന്നതുകൊണ്ട് കുടുംബത്തിന് ഒരുവിധം സുഖമായി കഴിയാനുള്ള വരുമാനം കൃഷിയില്‍ നിന്നുതന്നെ ലഭിക്കുന്നുണ്ടെന്ന് മഹേഷ് പറയുന്നു.
പലപ്പോഴും കാലാവസ്ഥാ വ്യതിയാനം കൊണ്ട് നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിലും അതൊന്നും കൃഷിയില്‍ നിന്ന് മഹേഷിനെ അകറ്റിയില്ല. കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും പരിശീലനത്തില്‍ നിന്നുള്ള അറിവും പ്രായോഗിക പരിചയവും കൊണ്ടാണ് അതെല്ലാം മറികടക്കാനായത്. പഞ്ചായത്ത് അധികൃതരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. കുടുംബാംഗങ്ങളും മുഴുവന്‍ സമയ സഹായവുമായി കൂടെയുണ്ട്. സമയമില്ലായ്മയും നഷ്ടവും വിവരിച്ച് കൃഷിയില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന യുവതലമുറയ്ക്കു മുന്നില്‍ വിജയത്തിന്റെ പുതിയ മാതൃക തീര്‍ക്കുകയാണ് ഈ പ്രകൃതിസ്നേഹി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: