പള്ളുരുത്തി: ഇടക്കൊച്ചിയില്‍ വ്യാപകമായി കണ്ടല്‍ക്കാടുകള്‍ വെട്ടിനിരത്തിയതായി പരാതി. കണ്ണങ്ങാട്ട് ഇന്ദിരാഗാന്ധി റോഡിന് സമീപമാണ് വ്യാപകമായി കണ്ടല്‍ക്കാട് വെട്ടിനിരത്തി ചതുപ്പുനിലം നികത്തുന്നത്. ദിവസങ്ങളായി തുടരുന്ന നിയമലംഘനം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. സ്വകാര്യവ്യക്തികളുടെ നേതൃത്വത്തില്‍ പരസ്യമായി നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന നടപടിക്കെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
അതേസമയം ഇടക്കൊച്ചി കുമ്പളം ഫെറിക്ക്‌സമീപം കായല്‍ കയ്യേറി സ്വകാര്യവ്യക്തിയുടെ നേതൃത്വത്തില്‍ വഴിയുണ്ടാക്കിയതായും പരാതി. പഴയ കുമ്പളം ഫെറിക്ക് വടക്കോട്ടാണ് ചില വ്യക്തികളുടെ നേതൃത്വത്തില്‍ വഴിയുണ്ടാക്കിയിരിക്കുന്നത്. വേമ്പനാട്ട്കായലിന്റെ പരിധിയില്‍ വരുന്ന ഇടക്കൊച്ചി കായലിന്റെ പല ഭാഗങ്ങളിലും ഇത്തരം കയ്യേറ്റങ്ങള്‍ വ്യാപകമാണെന്ന് ബിജെപി ഇടക്കൊച്ചി ഏരിയാ കമ്മറ്റി ഭാരവാഹികള്‍ ആരോപിച്ചു. ്രപശസ്ത സംവിധായകന്‍ ചില രാഷ്‌ട്രീയകക്ഷികളുടെ പിന്‍ബലത്തോടെ നടത്തുന്ന കായല്‍കയ്യേറ്റത്തിനെതിരെയും പ്രതിഷേധം ആരംഭിക്കുമെന്ന് ഏരിയാ കമ്മറ്റി പ്രസിഡന്റ് എന്‍.എം. സജീവന്‍, ജനറല്‍ സെക്രട്ടറി കെ.ബി.കാര്‍ത്തികേയന്‍ എന്നിവര്‍ പറഞ്ഞു.
















