ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നു. പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുക്കും വരെയാണ് ഗവര്‍ണര്‍ ഭരണം നിലനില്ക്കുക. മുഖ്യമന്ത്രി ആയിരുന്ന മുഫ്തി മുഹമ്മദ് സയീദിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഗവര്‍ണര്‍ ഭരണമേറ്റെടുത്തത്.
ഗവര്‍ണര്‍ ഭരണം നിലവില്‍ വന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഗവർണർഭരണത്തിന് ജമ്മുകാശ്മീർ ഗവർണർ എൻ.എൻ.വോറ സമർപ്പിച്ച ശുപാർശ രാഷ്‌ട്രപതി ശനിയാഴ്ച രാത്രിയോടെ ഒപ്പുവയ്‌ക്കുകയായിരുന്നു.
പുതിയ മുഖ്യമന്ത്രി ചുമതല ഏറ്റെടുക്കുന്നതിനു നാലു ദിവസത്തെ സമയം വേണമെന്ന് പിഡിപി നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചിരുന്നു. മുഫ്തി മുഹമ്മദ് സയീദിന്റെ മകള്‍ മെഹബൂബ മുഫ്തി ആയിരിക്കും സംസ്ഥാനത്തെ അടുത്ത മുഖ്യമന്ത്രി.
28 പാർട്ടി എം.എൽ.എമാരുടെ പിന്തുണ മെഹ്ബൂബയ്‌ക്കുണ്ടെന്ന് പി.ഡി.പി ഗവർണറെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ചയാണ് മെഹബൂബയുടെ സത്യപ്രതിജ്ഞ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആദ്യ വനിത മുഖ്യമന്ത്രിയാകും മെഹ്ബൂബ.
















