കഴക്കൂട്ടം: കളിയിക്കാവിള ബൈപ്പാസിന്റെ നിര്‍മാണം വളരെ വേഗത്തില്‍ മുന്നോട്ട് കുതിക്കുന്നു. വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന പദ്ധതിക്ക് കേന്ദ്രത്തില്‍ ബിജെപി നേതൃത്വം നല്‍കുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ പുതിയ ചിറക് മുളയ്‌ക്കുകയായിരുന്നു. കോവളം മുതല്‍ കാരോട് വരെയുള്ള പണികളുടെ ഒരുഘട്ടം അവസാനിക്കുന്നത് കോട്ടുകാല്‍ പഞ്ചായത്തിന്റെ സമീപപ്രദേശമായ പയറുമൂട് വരെയാണ്. ഏകദേശം 45 മീറ്റര്‍ വീതിയിലാണ് റോഡിന്റെ പണികള്‍ പുരോഗമിക്കുന്നത്. ആകെ നാല്‍പ്പത്തിമൂന്ന് കിലോമീറ്റര്‍ ദൂരം വരുന്ന ഈ റോഡില്‍ നാലുവരിപാത, സര്‍വീസ് റോഡുകള്‍, പാലങ്ങള്‍ എന്നിവയും പെടും. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിയുന്ന രീതിയിലാണ് റോഡുകള്‍ നിര്‍മിക്കുക. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്കുള്ള റെയില്‍വേ പാതകളും റോഡുകളും ഈ റോഡ് മുറിച്ചു കടക്കുന്ന രീതിയിലായിരിക്കും അതിനാല്‍ ആ സൗകര്യങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്ന രീതിയിലാണ് നിര്‍മാണം പുരോഗമിക്കുന്നത്. വിഴിഞ്ഞം പദ്ധതി പ്രദേശം കാണാന്‍ എത്തുന്നവരില്‍ ഭൂരിഭാഗവും ഈ ജോലികള്‍ കാണുവാനും എത്തുന്നുണ്ട്. ഒരിക്കലും നടക്കില്ല എന്ന് വിശ്വസിച്ചിരുന്ന ഈ നിര്‍മാണം നേരില്‍ കാണുന്നവര്‍ കേന്ദ്ര സര്‍ക്കാരിനെ പരസ്യമായി അഭിനന്ദിക്കാനും മടി കാണിക്കുന്നില്ല.
അടുത്ത ഘട്ടം നിര്‍മാണം ആരംഭിക്കുന്നത് കോട്ടുകാല്‍, കാഞ്ഞിരംകുളം, തിരുപുറം, കാരോട് എന്നീ പഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളിലാണ്. രണ്ടുവര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മീഡിയനില്‍ മരങ്ങള്‍ പാടില്ല എന്ന ചട്ടം നിലവിലുണ്ട് എങ്കിലും ഈ പ്രദേശത്തെ മനോഹാരിത നിലനിര്‍ത്താന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അനുമതി നല്‍കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഏകദേശം അഞ്ഞൂറോളം മരങ്ങള്‍ നിലനിര്‍ത്തിയാണ് നിര്‍മാണം പുരോഗമിക്കുന്നത്. അത്യാവശ്യം മുറിച്ച് മാറ്റേണ്ടി വന്ന മരങ്ങള്‍ക്ക് പകരമായി മുപ്പത്തിനായിരത്തോളം തണല്‍ മരങ്ങള്‍ നട്ട് പിടിപ്പിക്കുകയും ചെയ്യും.
മുക്കോലയ്‌ക്കും പയറുമൂടിനുമിടയില്‍ നിര്‍മിക്കുന്ന പാലത്തിന്റെ ജോലികള്‍ വേഗത്തില്‍ നടന്നുകൊണ്ടിരിക്കുന്നു. നാലുവരിപ്പാതയായി മാറാന്‍ പോകുന്ന ഈ റോഡിന്റെ ഇരുവശങ്ങളെയും വേര്‍തിരിക്കാനുള്ള കല്ലുകള്‍ നിര്‍മിക്കുന്ന ജോലിയും ഇവിടെ തന്നെയാണ് നടക്കുന്നത്.















