ചങ്ങനാശ്ശേരി: റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ ഹൈദ്രാബാദില്‍നിന്നുള്ള ശബരി എക്‌സ്പ്രസ് രണ്ടരമണിക്കൂര്‍ സ്റ്റേഷനില്‍ പിടിച്ചിട്ടു. ട്രെയിന്‍ സ്റ്റേഷനില്‍ പിടിച്ചിടുന്ന വിവരം യാത്രക്കാരോടു പറയാതിരുന്നതുമൂലം സ്ത്രീകളും കുട്ടികളും അടങ്ങുന്ന യാത്രക്കാര്‍ ദുരിതത്തിലായി. രണ്ടു മണിക്കൂറായിട്ടും ട്രെയിന്‍ പോകാത്തതുമൂലം വിവരം അന്വേഷിച്ചപ്പോഴാണ് ചെങ്ങന്നൂരില്‍ പണി നടക്കുന്നതിനാലാണ് ട്രെയിന്‍ പിടിച്ചിട്ടതെന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
ചങ്ങനാശ്ശേരിയില്‍നിന്നും ടിക്കറ്റെടുത്ത യാത്രക്കാര്‍ ട്രെയിനില്‍ കയറിയശേഷമാണ് വിവരമറിഞ്ഞത്. യാത്രക്കാര്‍ നിരാശരായി മറ്റു യാത്രാ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചു. ഹൈദ്രാബാദില്‍നിന്നുള്ള നൂറുകണക്കിന് അയപ്പഭക്തന്മാരും ഇതുമൂലം വിഷമിച്ചു. 500 മുതല്‍ 1000 രൂപ വരെ നല്‍കിയാണ് ടാക്‌സിയിലും ഓട്ടോയിലുമായി ഇവര്‍ ചെങ്ങന്നൂര്‍ക്ക് യാത്ര തുടര്‍ന്നത്.
















