കൂത്തുപറമ്പ്: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ജില്ലയിലെ മികച്ച സന്നദ്ധ സംഘടനക്ക് ഏര്‍പ്പെടുത്തിയ 2014-15 വര്‍ഷത്തെ അവാര്‍ഡിന് വേങ്ങാട് സാന്ത്വനം അര്‍ഹരായി. കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷത്തില്‍ നടപ്പിലാക്കിയ വിവിധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് അവാര്‍ഡ്.
12ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അവാര്‍ഡ് വിതരണം ചെയ്യും. അരലക്ഷം രൂപയും പ്രശസ്തിപത്രവും മൊമന്റോയുമടങ്ങുന്നതാണ് അവാര്‍ഡ്.
ശാരീരികമായി അവശതയനുഭവിക്കുന്നവര്‍ക്കും വികലാംഗര്‍ക്കുമായി 100 വീല്‍ ചെയര്‍ വിതരണം ചെയ്യുന്ന കാരുണ്യസ്പര്‍ശം പദ്ധതി, അഗതി അനാഥമന്ദിരങ്ങളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന സാന്ത്വന സദ്യ പദ്ധതി, അനാഥര്‍ക്ക് വസ്ത്രങ്ങളും പുതപ്പും നല്‍കുന്ന കാരുണ്യഹസ്തം പദ്ധതി, തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന സ്‌നേഹസദ്യ പദ്ധതി, കാശ്മീര്‍ ദുരിതബാധിതര്‍ക്ക് കമ്പിളിപ്പുതപ്പ് നല്‍കല്‍, മെഡിക്കല്‍ ക്യാമ്പുകള്‍, കലാ-കായിക-സാഹിത്യ പരിപാടികള്‍, ഔഷധ സസ്യത്തോട്ട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് അവാര്‍ഡ്.
കേന്ദ്ര യുവജനകാര്യ സ്‌പോര്‍ട്‌സ് മന്ത്രാലയം നെഹ്‌റു യുവകേന്ദ്രയുടെ മികച്ച സന്നദ്ധ സംഘടനക്കുള്ള 2009-10 വര്‍ഷത്തെ ജില്ലാതല, സംസ്ഥാനതല അവാര്‍ഡും സാന്ത്വനത്തിന് ലഭിച്ചിരുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ കിരാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സാന്ത്വനത്തിന്റെ ചെയര്‍മാന്‍ പ്രദീപന്‍ തൈക്കണ്ടിയും സെക്രട്ടറി സനോജ് നെല്യാടനുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
















