ന്യൂദല്‍ഹി: രാജ്യത്തെ നിലവാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ലോ കോളേജുകള്‍ മുഴുവനും അടച്ചു പൂട്ടണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍. അഭിഭാഷകവൃത്തി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വിശ്വാസ്യതയാണെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സ്വീകരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ടി.എസ് താക്കൂര്‍.
ആവശ്യത്തിലേറെ ലോ കോളേജുകളാണ് രാജ്യത്തുള്ളത്. നിലവാരവും ആവശ്യമായ സൗകര്യങ്ങളുമില്ലാത്തവയാണ് പലവയും. ലോ കോളേജുകള്‍ക്ക് നിശ്ചിത യോഗ്യത നിര്‍ണ്ണയിക്കുകയാണ് ഇതിന് പ്രതിവിധി. നിലവാരമില്ലാത്ത കോളേജുകള്‍ കണ്ടെത്തി അടച്ചുപൂട്ടേണ്ടത് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയാണെന്നും ചീഫ് ജസ്റ്റിസ് ഓര്‍മ്മിപ്പിച്ചു.
നിരവധി പേര്‍ നിയമബിരുദം എടുക്കുന്നത് സമൂഹത്തില്‍ മാന്യത ലഭിക്കുന്നതിനായി മാത്രമാണ്. അത്തരം പാഴ്‌ച്ചെടികളെ പുറത്താക്കേണ്ടതാണ്, ജസ്റ്റിസ് ടി.എസ് താക്കൂര്‍ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ നടപടികളെടുക്കുമെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് കേസുകള്‍ തീര്‍പ്പാക്കാന്‍ വൈകുന്നതു മൂലമാണ് ജനങ്ങള്‍ക്ക് കോടതിയെ സമീപിക്കാന്‍ മടിയെന്ന് വിശദീകരിച്ചു.
















