ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭീകരാക്രമണം നടന്ന പത്താന്‍കോട്ടെ വ്യോമസേനാ ആസ്ഥാനം സന്ദര്‍ശിക്കുന്നു. സൈനികരുമായി കൂടിക്കാഴ്ച നടത്തിയ മോദി ഏകറുകളോളം വ്യാപിച്ചുകിടക്കുന്ന വ്യോമതാവളത്തില്‍ വ്യോമ നിരീക്ഷണം നടത്തി.
ഭീകരര്‍ ഒളിച്ചിരുന്ന സ്ഥലങ്ങള്‍ ഏതൊക്കെയെന്ന് എയര്‍ കമാന്‍ഡര്‍ ജെ.എസ്. ധാമൂന്‍ വിശദീകരിച്ചു. താവളത്തിലെ സന്ദര്‍ശനത്തിനുശേഷം അദ്ദേഹം ഏറ്റുമുട്ടലില്‍ പരുക്കേറ്റ സൈനികരെ കാണും.
ഭീകരരെ വധിച്ചശേഷം വ്യോമസേനാ താവളം പൂര്‍ണമായും പരിശോധിച്ച് സുരക്ഷ ഉറപ്പാക്കിയതായി വ്യോമസേന അറിയിച്ചു. അതേസമയം കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.
ഭാരതം കൈമാറിയ തെളിവുകളുടെ പശ്ചാത്തലത്തില്‍ പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ പാക് സംഘടനകള്‍ക്കും വ്യക്തികള്‍ക്കും പങ്കുണ്ടോയെന്ന് അന്വേഷിക്കാന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉത്തരവിട്ടിട്ടുണ്ട്.
വ്യാഴാഴ്ച ഷെരീഫിന്റെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്ന് ഭാരതം നല്‍കിയ തെളിവുകള്‍ ചര്‍ച്ച ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ വിശദമായ അന്വേഷണത്തിന് പ്രധാനമന്ത്രി ഉത്തരവിട്ടതെന്ന് ദ നേഷന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഭാരതം നല്‍കിയ തെളിവുകള്‍ പാക് ഇന്റലിജന്‍സ് മേധാവി അഫ്താബ് സുല്‍ത്താന് പ്രധാനമന്ത്രി കൈമാറി. ഭാരത സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നിരന്തരം ബന്ധപ്പെടാന്‍ പാക് സുരക്ഷാ ഉപദേഷ്ടാവ് നസീര്‍ ഖാന്‍ ജനൂജയോട് ഷെരീഫ് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്.
പത്താന്‍കോട് സംഭവത്തിന്റെ പേരില്‍ ചര്‍ച്ചകള്‍ പൊളിയരുതെന്നാണ് ഷെരീഫിന്റെ ആഗ്രഹമെന്നാണ് സൂചന. അതിനിടെ പാക് പ്രധാനമന്ത്രി ഇന്നലെയും ഉന്നതതലയോഗം വിളിച്ചുചേര്‍ത്തു. ഇത് രണ്ടാമത്തെ തവണയാണ് ഭീകരാക്രമണം ചര്‍ച്ചചെയ്യാന്‍ ഉന്നതതലയോഗം ചേരുന്നത്.
















