ന്യൂദല്‍ഹി: പത്താന്‍കോട്ടെ ഭീകരാക്രമണത്തില്‍ പൊലിഞ്ഞത് ഏഴ് വീരസൈനികരുടെ അമൂല്യമായ ജീവനുകളാണ്. പാലക്കാട് സ്വദേശി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാര്‍ അവരില്‍ ഒരാളാണ്.
ഭീകരരെ കൊന്നൊടുക്കുന്നതിനിടെ ഭാഗ്യം കൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ ധീരസൈനികരുമുണ്ട്. അവരില്‍ ഒരാളാണ് വ്യോമസേനാ കമാന്‍ഡോ (ഗരുഡ് കമാന്‍ഡോ) ശൈലേഷ് ഗൗര്‍. ഗൗറിന്റെ ശരീരത്തില്‍ നിന്ന് നീക്കിയത് ആറു വെടിയുണ്ടകളാണ്. വെടിയുണ്ടകളേറ്റ് ചോരവാര്‍ന്നൊഴുകുമ്പോഴും ഗൗര്‍ ഭീകരര്‍ക്ക് എതിരെ വെടിയുതിര്‍ത്തുകൊണ്ടിരുന്നു.
ഗൗറിന്റെയും സഹപ്രവര്‍ത്തകരുടേയും അതിശക്തമായ തിരിച്ചടിയാണ് വ്യോമസേനാ കേന്ദ്രത്തെ സുരക്ഷിതമായി നിലനിര്‍ത്തിയത്.
വിമാനത്താവളത്തിലെ മെക്കാനിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തിന്റെ പുറത്ത് ഗൗര്‍ അടക്കം 12 പേരെയാണ് ഭീകരരെ നേരിടാന്‍ നിയോഗിച്ചത്. ഇവര്‍ ആറു സംഘങ്ങളായി പിരിഞ്ഞ് ദൗത്യം നിര്‍വ്വഹിച്ചുവരികയായിരുന്നു. ശൈലേഷ് ഗൗറും കമാന്‍ഡോ മേധാവി ഗുരുസേവക് സിംഗും ഭീകരരുമായി കടുത്ത ഏറ്റുമുട്ടലാണ് നടത്തിയത്. മൂന്നു വെടിയുണ്ടകളേറ്റ ഗുരുസേവക് സിംഗ് മുന്നേറിയെങ്കിലും വൈകാതെ ജീവന്‍ വെടിഞ്ഞു. സഹപ്രവര്‍ത്തകന്‍ വെടിയേറ്റു വീണിട്ടും വകവെക്കാതെ ഗൗര്‍ മുന്നേറി.
ആറു വെടിയുണ്ടകളാണ് ഗൗറിനേറ്റത്. ചോരയൊഴുകി, വേദനയില്‍ പുളയുമ്പോഴും ഗൗര്‍ അല്പം പോലും തളര്‍ന്നില്ല. തുടര്‍ച്ചയായി വെടിയുതിര്‍ത്ത് ഭീകരരെ അകറ്റി നിര്‍ത്തുന്നതില്‍ ഗൗര്‍ വിജയിക്കുകയും ചെയ്തു. ഗൗറിന്റെ ചെറുത്തു നില്പ്പ് കാരണം യുദ്ധവിമാനങ്ങള്‍ ഇട്ടിരുന്ന ഭാഗത്തേക്ക് പോകാന്‍ ഭീകരര്‍ക്ക് സാധിച്ചില്ല. ഒരു മണിക്കൂറാണ് ശൈലേഷ് പിടിച്ചു നിന്നത്. 24 കാരന്റെ വയറ്റിലാണ് വെടിയുണ്ടകളേറ്റത്.
മൂന്നു മണിക്കൂറിനു ശേഷമാണ് ഗൗറിനെ ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത്. നെഞ്ചു മുതല്‍ വയര്‍ വരെ നെടുനീളത്തില്‍ പിളര്‍ന്നാണ് വെടിയുണ്ട നീക്കിയത്. വെടിയേറ്റ് തകര്‍ന്ന കുടല്‍ സ്റ്റിച്ചിട്ടാണ് നേരെയാക്കിയത്. ഓപ്പറേഷനില്‍ ശരീരത്തില്‍ നിന്ന് ആറു വെടിയുണ്ടകളും നീക്കം ചെയ്തു. ഗൗറിന് ഇപ്പോള്‍ ഭേദമായി വരികയാണ്.
















