നാഗര്‍കോവില്‍: അമിതവേഗവും ഡ്രൈവര്‍ ഉറങ്ങിയതുമാണ് തിരുനെല്‍വേലിയിലെ പണക്കുടയില്‍ അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അമിത വേഗതയില്‍ എത്തിയ ബസ്സ് ഡിവൈഡറില്‍ തട്ടി മറിഞ്ഞ് അമ്പതു മീറ്ററേളം മൂന്നോട്ട് നീങ്ങി. വാഹനം മറിഞ്ഞതിന് ശേഷം നിരങ്ങി നീങ്ങിയതാണ് മരണ സംഖ്യ കൂടാന്‍ ഇടയാക്കിയത്. മരിച്ചവരുടെയും പരിക്കേറ്റവരുടെ അവയവങ്ങള്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ട് ചിന്നിച്ചിതറിയ നിലയിലാണ്. മറ്റ് വാഹനങ്ങളിലെ ഡ്രൈവര്‍മാരും പോലീസും നാട്ടുകാരും എത്തിയാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.
പലരുടെയും അവയവങ്ങള്‍ ഛിന്നഭിന്നമായിരുന്നു. ഇത് മരണ സംഖ്യ നിര്‍ണ്ണയിക്കുന്നതില്‍ അവ്യക്തതയേറ്റി. പത്ത്‌പേര്‍ മരിച്ചെന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്. ഏഴുപേരുടെയും മൃതദേഹങ്ങള്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു. മലയാളി ദമ്പതികള്‍ തിരുവനന്തപുരം വലിയതുറ കൊച്ചുമാതാ പള്ളിക്ക് സമീപം ആന്‍സി (27) ഭര്‍ത്താവ് വിനോദ് (30) എന്നിവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയുന്നത് വൈകി. ജനുവരി രണ്ടിനായിരുന്നു ഇവരുടെ വിവാഹം നടന്നത്. ആന്‍സിയുടെ കൈവരലില്‍ അണിഞ്ഞിരുന്ന വിവാഹ മോതിരത്തിലൂടെയാണ് ബന്ധുക്കല്‍ മൃദേഹം തിരച്ചറിഞ്ഞത്. തിരിച്ചറിയാത്ത രണ്ട് മൃതദേഹങ്ങള്‍ കൂടി മോര്‍ച്ചറയില്‍ ഉണ്ടായിരുന്നു. അപകടത്തില്‍ അവയവങ്ങള്‍ ശരീരത്തില്‍ നിന്നും വേര്‍പെട്ടതിനാല്‍ വിനോദിന്റെ മോതിരം പോലീസ് പിന്നീട് കണ്ടെടുക്കുകയായിരുന്നു.
വിവാഹ മോതിരം തമിഴ്‌നാട് പോലിസ് ആശുപത്രിയില്‍ എത്തിച്ചതോടെ മരണമടഞ്ഞത് വിനോദാണെന്ന് സ്ഥിതീകരിച്ചു. ശരീരം രണ്ടായി വേര്‍പെടുകയും മൃതദേഹങ്ങളുടെ മുഖം തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലായതിനാലും ബന്ധുക്കളെ പോലീസ് വിളിച്ചു വരുത്തി.
തിരുവനന്തപുരത്ത് നിന്നും ബന്ധുക്കള്‍ എത്തി ധരിച്ചിരുന്ന വസ്ത്രം കണ്ട് തിരിച്ചറിയാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. തുടര്‍ന്ന് നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുരേഷ്‌കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം മോര്‍ച്ചറിയില്‍ കയറി മാറ്റിയിട്ടിരുന്ന മറ്റൊരു മൃതദേഹത്തിന്റെ ഭാഗം ആദ്യം കണ്ടതിനോട് ചേര്‍ത്ത് വയ്‌ക്കുകയായിരുന്നു. ഇതിലൂടെയാണ് വിനോദിന്റെ മൃതദേഹം തിരിച്ചറിഞ്ഞതും മരണസംഖ്യ ഒമ്പതായി കുറഞ്ഞതും.
അപകടത്തില്‍ പരിക്കേറ്റ കരുനാഗപ്പള്ളി സ്വദേശി അന്‍വറിന്റെ ഭാര്യ ഷബ്‌നയുടെ വലതുകൈ പൂര്‍ണ്ണമായും നഷ്ടമായി, ചെന്നൈയില്‍ എംബിഎ പഠനം പൂര്‍ത്തിയാക്കി, പരീക്ഷ പാസ്സായതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങി തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. ചെന്നൈയില്‍ നിന്നും ട്രാവല്‍ ഏജന്‍സിയുടെ നിര്‍ദ്ദേശാനുസരണം വേളാങ്കണ്ണിവരെ മറ്റൊരു ബസ്സില്‍ എത്തി അവിടെ നിന്നുമാണ് യൂണിവേഴ്‌സല്‍ ട്രവല്‍സില്‍ കയറിയത്.
ഒരു ഡ്രൈവര്‍ മാത്രമാണ് ബസ്സില്‍ ഉണ്ടായിരുന്നത്. ട്രാവല്‍സിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്നും നല്‍കിയ ലിസ്റ്റ് അവ്യക്തത നിറഞ്ഞതായിരുന്നു. പാറശ്ശാല സിഐ ചന്ദ്രകുമാറിന്റെയും എസ്‌ഐ ബിജുവിന്റെയും നേതൃത്വത്തില്‍ ഫോണ്‍കോള്‍ പരിശോധിച്ചാണ് യാത്രക്കാരെ തിരിച്ചറിഞ്ഞത്. ആര്‍ഡിഒ വിനോദ്, നെയ്യാറ്റിന്‍കര തഹസീല്‍ദാര്‍ സാംഎല്‍ സോണ്‍ എന്നിവര്‍ ആശാരിപ്പള്ളം മെഡിക്കല്‍ കോളേജിലെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
















