അനന്ത്പൂര്‍: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം മാഗസിന്‍ കവര്‍ പേജില്‍ പ്രത്യക്ഷപ്പെട്ടതിന് മഹേന്ദ്ര സിംഗ് ധോണിക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഫെബ്രുവരി 25ന് കോടതിയില്‍ ഹാജരാകാന്‍ അനന്തപൂര്‍ കോടതി ഉത്തരവ് പുറപ്പെടുവിപ്പിച്ചു.
പൊതുപ്രവര്‍ത്തകനായ ജയകുമാര്‍ ഹിരേമത് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം. ഇത് ഹിന്ദു മതവികാരത്തെ മുറിപ്പെടുത്തുന്ന രീതിയിലുള്ള നടപടിയാണെന്നും കോടതി നിരീക്ഷിച്ചു. പരസ്യത്തിന് കരാര്‍ ഒപ്പിടുമ്പോള്‍ അതില്‍ അഭിനയിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകണമെന്നും പണം മാത്രമായിരിക്കരുത് ഇതിന് ആധാരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ഏകദിന, ട്വന്റി-20 പരമ്പരയ്‌ക്കായി ഓസ്‌ട്രേലിയയിലാണ് ധോണിയിപ്പോള്‍. ജനുവരി 31നേ പര്യടനം പൂര്‍ത്തിയാകുകയുള്ളൂ. 2013 ഏപ്രിലില്‍ പുറത്തിറങ്ങിയ ബിസിനസ്സ് ടുഡേ മാഗസിന്‍ കവറില്‍ ഹിന്ദു ആരാധന ദൈവമായ വിഷ്ണുവിന്റെ രൂപത്തില്‍ ധോണിയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരുന്നു. ഗോഡ് ഓഫ് ബിഗ് ഡീല്‍സ് എന്ന തലക്കെട്ടോടെ പ്രത്യക്ഷപ്പെട്ട ചിത്രത്തില്‍ കൈകളില്‍ വിവിധ ഉത്പന്നങ്ങളുമായി പ്രത്യക്ഷപ്പെട്ട ധോണി മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ജയകുമാറിന്റെ ആരോപണം.
മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള നടപടികളില്‍ പങ്കാളിയായതിനുള്ള പരിണിതഫലങ്ങള്‍ ധോണി നേരിടേണ്ടി വരുമെന്ന് 2015 ഓഗസ്റ്റില്‍ കര്‍ണാടക ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍ അത്തരമൊരു ചിത്രം മാഗസിന്‍ കവറില്‍ പ്രത്യക്ഷപ്പെട്ടത് തന്റെ അറിവോടെയല്ലെന്നായിരുന്നു ധോണിയുടെ പ്രതികരണം.
















