ഷാര്‍ജ: ക്രിക്കറ്റിലെ നവാഗതര്‍ അഫ്ഗാനിസ്ഥാന് ടെസ്റ്റ് പദവിയുള്ള രാജ്യത്തിനെതിരെ ആദ്യ ഏകദിന പരമ്പര. സിംബാബ്‌വെയ്‌ക്കെതിരായ അഞ്ചു മത്സര പരമ്പര അഫ്ഗാനിസ്ഥാന്‍ 3-2ന് സ്വന്തമാക്കി. ആദ്യ നാലു മത്സരങ്ങളും ഇരു ടീമുകളും പങ്കിട്ടപ്പോള്‍, അഞ്ചാമത്തേതില്‍ രണ്ടു വിക്കറ്റിന് ജയിച്ചാണ് അഫ്ഗാനിസ്ഥാന്‍ പരമ്പര നേടിയത്. സ്‌കോര്‍: സിംബാബ്‌വെ – 248 (49.5), അഫ്ഗാനിസ്ഥാന്‍ – 254/8 (49.4).
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ ഹാമില്‍ട്ടണ്‍ മസ്‌കാഡയുടെ (110) സെഞ്ചുറിയുടെ മികവിലാണ് ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. പീറ്റര്‍ മൂര്‍ (42), റിച്ച്‌മൊണ്ട് മുതുംബാംമി (40) എന്നിവരും പിന്തുണ നല്‍കി. അഫ്ഗാനായി അമീര്‍ റാസ മൂന്നു വിക്കറ്റെടുത്തു. ദവ്‌ലത് സദ്രന്‍, റാഷിദ് ഖാന്‍, മുഹമ്മദ് നബി എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്.
ഏഴാമനായിറങ്ങിയ ഗുല്‍ബദിന്‍ നെയ്ബിന്റെ (82 നോട്ടൗട്ട്) തകര്‍പ്പന്‍ പ്രകടനമാണ് കൈവിട്ട കളി അഫ്ഗാന് സമ്മാനിച്ചത്.
68 പന്തില്‍ മൂന്നു ഫോറും ആറു സിക്‌സറും പറത്തിയ നെയ്ബ് രണ്ടു പന്ത് ബാക്കിനില്‍ക്കെ ടീമിനെ ജയത്തിലേക്കു നയിച്ചു. കളിയിലെ താരവും നെയ്ബ്. സിംബാബ്‌വെയ്‌ക്കായി ലൂക്ക് ജോങ്‌വെ മൂന്നു വിക്കറ്റെടുത്തു. നെവില്ലെ മദ്‌സിവ, സിക്കന്ദര്‍ റാസ എന്നിവര്‍ക്ക് രണ്ടു വീതം വിക്കറ്റ്. അഫ്ഗാനിസ്ഥാന്റെ മുഹമ്മദ് ഷെഹ്‌സാദാണ് പരമ്പരയിലെ താരം.
















