മിലാന്: ഇറ്റാലിയന്‍ ലീഗ് സീരി എയില്‍ നിലവിലെ ജേതാക്കളായ ജുവന്റസും കരുത്തരായ ഇന്റര്‍മിലാനും ഫിയോറന്റീനയും നാപ്പോളിയും വിജയം നേടിയപ്പോള്‍ എസി മിലാന്‍ തോല്‍വി രുചിച്ചു.
ഇന്റര്‍ മിലാന്‍ എവേ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് എംപോളിയെയാണ് കീഴടക്കിയത്. ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന്റെ വിജയഗോള്‍ നേടിയത്. വിജയത്തോടെ ഇന്റര്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയും ചെയ്യുന്നു. 18 കളികളില്‍ നിന്ന് 39 പോയിന്റാണ് ഇന്ററിന്റെ സമ്പാദ്യം.
മറ്റൊരു മത്സരത്തില്‍ ഫിയോറന്റീന ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പലേര്‍മോയെ തകര്‍ത്തു. ഫിയോറന്റീനക്ക് വേണ്ടി ജോസിപ് ഇലിസിക്ക് രണ്ട് ഗോള്‍ നേടി. 13, 42 മിനിറ്റുകളിലായിരുന്നു ജോസിപ്പിന്റെ ഗോളുകള്‍. പിന്നീട് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പായി ബ്ലാസികോവ്‌സികിയും ലക്ഷ്യം കണ്ടു. പലേര്‍മോയുടെ ആശ്വാസഗോള്‍ 77-ാം മിനിറ്റില്‍ ഗിലാര്‍ഡീനോ സ്വന്തം പേരില്‍ കുറിച്ചു. വിജയത്തോടെ 18 കളികളില്‍ നിന്ന് 38 പോയിന്റുമായി ഫിയോറന്റീന ഇന്ററിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് തുടരുന്നു.
മറ്റൊരു കളിയില്‍ മൂന്നാം സ്ഥാനത്തുനില്‍ക്കുന്ന നാപോളി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോറിനോയെ പരാജയപ്പെടുത്തി. 18 കളികളില്‍ നിന്ന് നാപോളിക്കും 38 പോയിന്റുകളാണുള്ളത്.
നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെറോണയെയാണ് തകര്‍ത്തത്. എട്ടാം മിനിറ്റില്‍ ഡൈബാല, 45-ാം മിനിറ്റില്‍ ബൊനൂച്ചി, 82-ാം മിനിറ്റില്‍ സാസ എന്നിവര്‍ ജുവന്റസിനായി ലക്ഷ്യം കണ്ടു. 36 പോയിന്റുമായി ജുവന്റസ് നാലാം സ്ഥാനത്ത്.
അതേസമയം എസി മിലാനെ 1-0ന് ബോലോഗ്‌ന അട്ടിമറിച്ചു. കളിയുടെ 82-ാം മിനിറ്റില്‍ ജിയോച്ചെറീനി വിജയഗോള്‍ നേടി.
മറ്റ് മത്സരങ്ങളില്‍ കരുത്തരായ റോമയെ 3-3ന് ചീവോയും സാസ്സുലോ-ഫ്രോസിനെസെ കളി 2-2നും ലാസിയോ-കാര്‍പി പോരാട്ടം ഗോള്‍രഹിത സമനിലയിലും കലാശിച്ചു. ഉദിനെസെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് അറ്റ്‌ലാന്റയെ കീഴടക്കുകയും ചെയ്തു.
















