കൊച്ചി: സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനുമതി നിഷേധിക്കപ്പെട്ട ‘ചായം പൂശിയ വീട്’ (ദ പെയിന്റഡ് ഹൗസ്) എന്ന സിനിമയ്‌ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ തിരുവനന്തപുരം റീജ്യണല്‍ ഓഫീസ് അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. രണ്ടാഴ്ചയ്‌ക്കകം ഇതുസംബന്ധിച്ച തീരുമാനമറിയിക്കണമെന്നാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ നിര്‍ദ്ദേശം.
ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലൊരാളായ സന്തോഷ് ബാബുസേനന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പരാതി പരിഗണിച്ചാണ് ഈ നിര്‍ദ്ദേശം. തിരുവനന്തപുരം സ്വദേശിയായ സന്തോഷും സഹോദരന്‍ സതീഷ് ബാബുസേനനും ചേര്‍ന്നാണ് ‘ചായം പൂശിയ വീട്’ എന്ന മലയാള ചലച്ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിച്ചിട്ടുള്ളത്.
സര്‍ട്ടിഫിക്കറ്റിനായി ചിത്രം സമര്‍പ്പിച്ചപ്പോള്‍ അതിലെ മൂന്ന് നഗ്‌നരംഗങ്ങളും ഒരു നാടന്‍ സംസാരവും നീക്കം ചെയ്യാന്‍ ബോര്‍ഡംഗങ്ങള്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് സിനിമയുടെ അടിസ്ഥാന ആശയത്തെ ബാധിക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ വാദം.
















