കൊച്ചി: ഝാര്‍ഖണ്ഡിനെതിരെ പഞ്ചാബിന് 7 വിക്കറ്റിന്റെ മികച്ച വിജയം. കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തില്‍ സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിെല കളിയിലാണ് പഞ്ചാബ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ആദ്യം ബാറ്റ് ചെയ്ത ഝാര്‍ഖണ്ഡ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് 17.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 105 റണ്‍സെടുത്താണ് വിജയം നേടിയത്.
മൂന്നുപേര്‍ മാത്രം രണ്ടക്കം കടന്ന ഝാര്‍ഖണ്ഡ് ഇന്നിങ്‌സില്‍ 38 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത വിരാട് സിങ് ടോപ്‌സ്‌കോറര്‍. 18 റണ്‍സെടുത്ത കുമാര്‍ ദേബ്‌രത്, പുറത്താകാതെ 10 റണ്‍സെടുത്ത വികാസ് സിങ് എന്നിവര്‍ രണ്ടക്കം കടന്ന മറ്റുള്ളവര്‍. രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ സിദ്ധാര്‍ത്ഥ് കൗള്‍, ഗുരീന്ദര്‍ സിങ്, ക്യാപ്റ്റന്‍ ഹര്‍ഭജന്‍ സിങ് എന്നിവര്‍ ബൗളിങില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് വേണ്ടി ഓപ്പണര്‍ പര്‍ഗത് സിങ് പുറത്താകാതെ 57 പന്തില്‍ നിന്ന് 60 റണ്‍സെടുത്ത് മികച്ച പ്രകടനം നടത്തി. ഖേര 22 റണ്‍സും ഹര്‍ഭജന്‍ 10ഉം മയാങ്ക് സിദ്ധാന പുറത്താകാതെ 11ഉം റണ്‍സെടുത്തു. ഝാര്‍ഖണ്ഡിന് വേണ്ടി പ്രകാശ് സീത് രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തി.
മറ്റൊരു മത്സരത്തില്‍ ജമ്മുകശ്മീരിന് തുടര്‍ച്ചയായ നാലാം തോല്‍വി നേരിട്ടു. ത്രിപുരയാണ് ഇന്നലെ അവരെ നാല് വിക്കറ്റിന് കീഴടക്കിയത്. നാല് മത്സരങ്ങളില്‍ നിന്ന് ത്രിപുരയുടെ ആദ്യ വിജയമാണ്. ആദ്യം ബാറ്റ് ചെയ്ത ജമ്മുകശ്മീര്‍ 19.1 ഓവറില്‍ 119 റണ്‍സിന് എല്ലാവരും പുറത്തായി. 33 റണ്‍സെടുത്ത ബന്‍ദീപ് സിങ് ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ മിഥുന്‍ മന്‍ഹാസ് 21 റണ്‍സും ഇയാന്‍ ദേവ് സിങ് 18ഉം ശുഭം ഖജൂരിയ 15 റണ്‍സുമെടുത്തു. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സഞ്ജയ് മജുംദാറും രണ്ടെണ്ണം പിഴുത ചിരണ്‍ജിത് പോളും ബൗളിങില്‍ മികച്ചുനിന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ത്രിപുരയുടെ തുടക്കവും മോശമായിരുന്നെങ്കിലും 45 റണ്‍സെടുത്ത സംമ്രാട്ട് സിന്‍ഘ, മണിശങ്കര്‍ മുരാസിങ് (23 നോട്ടൗട്ട്), മജുംദാര്‍ (പുറത്താകാതെ 12) എന്നിവരുടെ മികവില്‍ വിജയം കാണുകയായിരുന്നു.
















