ഭീകരര്‍ മര്‍ദ്ദിച്ച് കാര്‍ തട്ടിയെടുത്ത ഗുരുദാസ്പ്പൂര്‍ എസ്പി സല്‍വിന്ദര്‍ സിങിനെ ദേശീയ അന്വേഷണ ഏജന്‍സി വീണ്ടും ചോദ്യം ചെയ്‌തേക്കും. ഇയാളെ ഒരുതവണ ചോദ്യം ചെയ്തിരുന്നു. തന്നെ മര്‍ദ്ദിച്ച് കാര്‍ തട്ടിയെടുത്തവരുടെ എണ്ണത്തെക്കുറിച്ച് എസ്പി നല്‍കിയ പരസ്പര വിരുദ്ധമായ മൊഴിയാണ് ഇതിനു കാരണം. ഇയാളുടെ നീല ബീക്കണ്‍ ലൈറ്റുള്ള മഹീന്ദ്ര എക്‌സ് യുവിയാണ് ഭീകരര്‍ തട്ടിയെടുത്തത്. ഈ വാഹനമായതിനാലാണ് പല പല ചെക്ക് പോസ്റ്റുകള്‍ കടന്ന് ഒരു തടസവുമില്ലാതെ ഭീകരര്‍ക്ക് സേനാത്താവളം വരെ എത്താനായത്. നീല ബീക്കണുള്ള കാറായിരുന്നതിനാല്‍ ചെക്ക് പോസ്റ്റിലുള്ളവര്‍ സല്യൂട്ട് നല്‍കി വിടുകയായിരുന്നു.
ഈ കാര്‍ സേനത്താളവത്തിന് 500 മീറ്റര്‍ മാറി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടപ്പുണ്ട്.
ഭീകരര്‍ വാഹനം തട്ടിയെടുത്ത സമയത്ത് എസ്പിയുടെ പാചകക്കാരന്‍ മദന്‍ ഗോപാല്‍ കാറിലുണ്ടായിരുന്നു. സംഭവം വിശദമായി വിവരിച്ചിട്ടും പഞ്ചാബ് പോലീസ് തന്നെ മര്‍ദ്ദിക്കുകയാണ് ഉണ്ടായതെന്നും മദന്‍ പറയുന്നു.
താനും സല്‍വിന്ദറും കൂട്ടുകാരന്‍ രാജേഷ് വര്‍മ്മയും ഗുരുദ്വാരയില്‍ പോയി മടങ്ങുമ്പോള്‍ പാതിരാത്രിയോെടയാണ് സൈനിക വേഷം ധരിച്ച അഞ്ചംഗ സംഘം കുളിയാനില്‍ വച്ച് കാര്‍ തടഞ്ഞതെന്ന് ഇയാള്‍ പറഞ്ഞിരുന്നു.അപകടത്തില്‍പെട്ട മറ്റൊരു കാറിനുസമീപം തോക്കുകളുമായി നില്‍ക്കുകയായിരുന്നു അവര്‍. പിന്നീടാണ് ആ കാറിന്റെ ഡ്രൈവറെ അവര്‍ കുത്തിക്കൊല്ലുകയായിരുന്നുവെന്ന് അറിയുന്നത്.
















