പത്താന്‍കോട്ട് : പത്താന്‍കോട്ടില്‍ സൈന്യം വധിച്ചത് ആറ് ഭീകരരെയാണെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ സ്ഥിരീകരിച്ചു. എല്ലാ ഭീകരരെയും വധിച്ചുവെന്നും തെരച്ചില്‍ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
വ്യോമസേനാ താവളം ഭീകരര്‍ ആക്രമിച്ച സംഭവത്തില്‍ സുരക്ഷാപാളിച്ചയുണ്ടായിട്ടില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി വ്യക്തമാക്കി. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങള്‍ പരീക്കര്‍ സന്ദര്‍ശിച്ചു. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുധനാഴ്ചയോടെ തെരച്ചില്‍ അവസാനിപ്പിക്കാനാകുമെന്നും അദ്ദേഹം അറിയിച്ചു. മരിച്ച ജവാന്മാരുടെ കുടുംബത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.
സൈനിക നടപടി ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. ഏറെ വ്യാപ്തിയുള്ള ഈ പ്രദേശത്ത് നിരവധി സൈനിക കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം മാത്രമേ സൈന്യത്തിന് പ്രവര്‍ത്തിക്കാന്‍ ആവുമായിരുന്നുള്ളൂവെന്നും പരീക്കര്‍ പറഞ്ഞു.
ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളില്‍ ചിലത് പാക്കിസ്ഥാനില്‍ നിര്‍മ്മിക്കപ്പെട്ടവയാണെന്നും എങ്ങനെയാണ് ഭീകരര്‍ അകത്ത് കടന്നത് എന്ന കാര്യം അന്വേഷണത്തിനു ശേഷം മാത്രമേ പറയാനാവുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
അത്യാധുനിക തോക്കുകളും ഷെല്ലുകളും സ്ഫോടക വസ്തുക്കളും ഭീകരരുടെ പക്കലുണ്ടായിരുന്നു. ഭീകരരെ നേരിട്ട സുരക്ഷാ ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നുവെന്നും മഹോഹര്‍ പരീക്കര്‍ പറഞ്ഞു.
















